സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്‌കാരം നിരസിച്ച് കന്നട നടന്‍ കിച്ചാ സുദീപ്. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് പുരസ്‌കാരം നിരസിച്ചത്. പുരസ്‌കാരങ്ങള്‍ സ്വീകരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എടുത്ത തീരുമാനമാണെന്നും മികച്ച നടനായി തന്നെ തെരഞ്ഞെടുത്ത ജൂറിയോട് നന്ദിയുണ്ടെന്നും കിച്ചാ സുദീപ് എക്‌സിലൂടെ അറിയിച്ചു.
'കര്‍ണാടക സര്‍ക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത് ഒരു പദവിയാണ്. അതിന് എല്ലാ ജൂറി അംഗങ്ങളോടും നന്ദി അറിയിക്കുന്നു. എന്നാല്‍, അവാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഞാന്‍ തീരുമാനിച്ചിരുന്നു. പുരസ്‌കാരങ്ങളും അംഗീകരാവുമൊന്നും പ്രതീക്ഷിക്കാതെയാണ് ഞാന്‍ എപ്പോഴും അഭിനയിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ അം?ഗീകാരം എനിക്ക് പ്രചോദനം നല്‍കുന്നു. എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ തീരുമാനം ജൂറി അം?ഗങ്ങളെയോ സര്‍ക്കാരിനെയോ നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. എന്റെ തീരുമാനത്തെ നിങ്ങള്‍ ബഹുമാനിക്കുമെന്ന് വിശ്വസിക്കുന്നു'കിച്ചാ സുദീപ് എക്‌സില്‍ കുറിച്ചു.
2019-ല്‍ റിലീസ് ചെയ്ത 'പൈല്‍വാന്‍' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിച്ചാ സുദീപിനെ മികച്ച നടനായി തെരഞ്ഞെടുത്തത്. കിച്ചാ സുദീപ് പുരസ്‌കാരം നിരസിക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം തന്നെ ചില കന്നടമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടന്റെ പോസ്റ്റ്.