സോഷ്യൽ മീഡിയ ആക്രമണം രൂക്ഷമായതോടെ ട്വിറ്റർ ഉപേക്ഷിച്ച് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. തന്റെ നിലപാട് വ്യക്തമാക്കുന്നതിലൂടെ മാതാപിതാക്കൾക്കും മകൾക്കും ഭീഷണി സന്ദേശം ലഭിക്കുകയാണെന്നും ഭയമില്ലാതെ മനസിലുള്ളത് പറയാൻ തനിക്ക് സാധിക്കാത്തതുകൊണ്ട് ട്വിറ്റർ ഉപേക്ഷിക്കുകയാണ് എന്നുമാണ് താരം കുറിച്ചത്.
'എല്ലാവർക്കും ആശംസകൾ. ഇതെന്റെ അവസാനത്തെ ട്വീറ്റ് ആണ്. ഞാൻ ട്വിറ്റർ ഉപേക്ഷിക്കുകയാണ്. എന്റെ മനസിലുള്ളത് ഭയമില്ലാതെ പറയാൻ എന്നെ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല. ഗുഡ് ബൈ' എന്നാണ് അനുരാഗ് കശ്യപ് അവസാനമായി ട്വിറ്ററിൽ കുറിച്ചത്.
ബിജെപിക്കും കേന്ദ്രഭരണത്തിനും എതിരെ രൂക്ഷ വിമർശനമുന്നയിക്കുന്ന അനുരാഗ് കശ്യപിന്റെ കുടുംബത്തിന് നേരെ വലിയതോതിൽ ഭീഷണിയുയർന്നിരുന്നു. നേരത്തെ മകളെ ചിലർ ഭീഷണിപ്പെടുത്തുന്നതായി അനുരാഗ് കശ്യപ് സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മാതാപിതാക്കൾക്ക് നേരെയും ഭീഷണിയുയർന്നിരുന്നു.
എപ്പോഴാണോ നിങ്ങളുടെ മാതാപിതാക്കൾക്ക് ഭീഷണികോളുകൾ ലഭിക്കുന്നത്, മകൾക്ക് ഓൺലൈൻ വഴി ഭീഷണിയുണ്ടാവുന്നത്, ആ സമയത്താണ് സംസാരിക്കാൻ പാടില്ലെന്ന് നിങ്ങൾക്കറിയാൻ സാധിക്കുക. കൊള്ളക്കാർ ഭരിക്കുന്ന ഈ പുതിയ ഇന്ത്യയിലെ എല്ലാവർക്കും അഭിനന്ദനങ്ങളെന്ന് നേരത്തെ കശ്യപ് ട്വീറ്റ് ചെയ്തിരുന്നു.
മാതാപിതാക്കൾക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെയാണ് ട്വിറ്ററിൽനിന്നും കശ്യപ് പൂർണമായും പിന്മാറിയത്. കശ്യപിന്റെ തീരുമാനത്തിനെതിരെ സിബിഎഫ്സി അംഗങ്ങളായ വിവേക് അഗ്‌നിഹോത്രിയും അശോക് പണ്ഡിറ്റും രംഗത്തെത്തിയിട്ടുണ്ടനേരത്തെ തന്റെ ചിത്രമായ ബോംബെ വെൽവെറ്റിനെതിരെ മോശം പ്രതികരണമുണ്ടായപ്പോഴും അനുരാഗ് ഇതുപോലെ ട്വിറ്റർ ഉപേക്ഷിച്ചിരുന്നുവെന്നും ഇപ്പോൾ തന്റെ നുണകൾ പൊളിഞ്ഞപ്പോൾ വീണ്ടും ഒളിച്ചോടുകയാണെന്നും അശോക് പണ്ഡിറ്റ് പറഞ്ഞു. അടുത്ത പടം റിലീസാകുമ്പോൾ തിരികെ വരുമെന്നും പണ്ഡിറ്റ് പറഞ്ഞു.
സഖാവേ, നിനക്ക് പൊരുതാനുള്ള കരുത്തില്ലെങ്കിൽ എന്തിനാണ് രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതെന്നും വിവേക് ട്വിറ്റ് ചെയ്തു. ഇങ്ങനെയാണോ വിപ്ലവം കൊണ്ടു വരേണ്ടതെന്നും വിവേക് ചോദിക്കുന്നു. തനിക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ നിങ്ങൾ ആഘോഷിക്കുകയായിരുന്നുവെന്നും വിവേക് ആരോപിച്ചു. എന്നാൽ അനുരാഗ് കശ്യപിന് സിനിമാ ലോകത്തു നിന്നു തന്നെ ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്.
ഒരാളുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് വളരെ മോശമാണെന്നും അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ അതിനോടുള്ള ഉത്തരവാദിത്തം മറക്കരുതെന്നും കരൺവീർ ബോറ അനുരാഗ് പിന്തുണ അറിയിച്ചുകൊണ്ടു പ്രതികരിച്ചു.