12 വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ ഹിറ്റ് കൂട്ടുകെട്ടായ ഷാജി കൈലാസും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'എലോണ്‍'.ഇപ്പോഴിതാ, റിലീസിനൊരുങ്ങുന്ന ചിത്രവുമായി ബന്ധപ്പെട്ട് പുതിയ ചില അപ്‌ഡേഷനുകള്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍. ചിത്രം അതിന്റെ ഫൈനല്‍ സ്റ്റേജില്‍ ആണെന്നും എല്ലാവരുടെയും അനുഗ്രഹങ്ങളുണ്ടാകണമെന്നും ഷാജി കൈലാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
എഡിറ്റിങ് ടേബിളില്‍ നിന്നുള്ള ഒരു ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് 'എലോണ്‍'.മോഹന്‍ലാല്‍ മാത്രമാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെ പുറത്തുവിട്ട ടീസറുകളിലും മോഹന്‍ലാലിന്റെ ഒറ്റയാള്‍ പ്രകടനം തന്നെയാണ് കാണാന്‍ സാധിക്കുക. ഒപ്പം ശബ്ദമായി പൃഥ്വിരാജും സിദ്ദിഖും എത്തുന്നുണ്ട്.
ചിത്രത്തിന്റെ റിലീസിങ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ആകെ പതിനെട്ട് ദിവസങ്ങള്‍ മാത്രം എടുത്താണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന 30ാമത് ചിത്രമാണിത്.