എട്ടു മാസം മുമ്പ് ജനുവരി 26ാം തീയതിയാണ് സീരിയല്‍ നടി ഡയാന ഹമീദിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. ടെലിവിഷന്‍ താരവും അവതാരകനുമായ അമീന്‍ തടത്തിലുമായുള്ള നിക്കാഹ് ആഘോഷം അതിഗംഭീരമാക്കിയ ചടങ്ങിന് ബന്ധുക്കളും പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് പേര്‍ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, എട്ടു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ അമീന്റെ വീട്ടിലേക്ക് പോകുന്ന വിവാഹ ചടങ്ങ് ഗംഭീരാഘോഷമാക്കി മാറ്റിയിരിക്കുകയാണ്. നേരത്തെ നടന്ന നിക്കാഹ് ചടങ്ങ് എന്നു പറയുന്നത് ഒരു വിവാഹ നിശ്ചയം പോലെയായിരുന്നു.
ആ ചടങ്ങ് കഴിഞ്ഞാല്‍ മതപരമായി ഇരുവരും ഭാര്യാ ഭര്‍ത്താക്കന്മാരാണ്. ചിലര്‍ അപ്പോള്‍ തന്നെ വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യുകയും ഭര്‍തൃ വീട്ടിലേക്ക് പോവുകയും ചെയ്യും. മറ്റൊരു വിവാഹചടങ്ങോ ആഘോഷങ്ങളോ സംഘടിപ്പിക്കില്ല. എന്നാല്‍ ഡയാനയേയും അമീനെയും സംബന്ധിച്ച് എട്ടുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.
മലപ്പുറം എടപ്പാള്‍ സ്വദേശിയാണ് അമീന്‍ തടത്തില്‍ എന്ന പയ്യന്‍. ഇപ്പോള്‍ നടന്ന വിവാഹ റിസപ്ഷന്‍ ചടങ്ങിനു ശേഷം അമീന്റെ വീട്ടിലേക്ക് വലതുകാല്‍ വച്ച് കയറുകയാണ് ഡയാന ഹമീദ്. കൊച്ചിയില്‍ നടന്ന വിവാഹ റിസപ്ഷന്‍ ചടങ്ങിലേക്ക് തൂവെള്ള ഗൗണിട്ട് അതീവ സുന്ദരിയായാണ് ഡയാന എത്തിയത്. പാട്ടും ഡാന്‍സുമായി പ്രിയപ്പെട്ടവര്‍ നവദമ്പതികളെ വരവേറ്റ ചടങ്ങില്‍ നോബി മാര്‍ക്കോസും കുട്ടി അഖിലും എലീന പടിക്കലും ആതിരാ മാധവും ശ്രീവിദ്യാ മുല്ലച്ചേരിയും ഭര്‍ത്താവ് രാഹുലും അണിയറ പ്രവര്‍ത്തകരും എല്ലാം എത്തിയിരുന്നു. പാട്ടും മേളവും എല്ലാം നിറഞ്ഞ അന്തരീക്ഷം ഉത്സവപ്രതീതിയിലാഴ്ത്തിയാണ് താരങ്ങള്‍ മടങ്ങിയത്.
ഒരേ ടെലിവിഷന്‍ ഷോയിലൂടെ പരിചയപ്പെട്ട് പിന്നീട് സുഹൃത്തുക്കളായവരാണ് ഡയാനയും അമീനും. ഡയാനയുടെ അടുത്ത സുഹൃത്തുക്കളാണ് ആതിര മാധവും അനുമോളും. ആതിര വഴിയാണ് അമീന്റെ വിവാഹ ആലോചന പോകുന്നത്. മാച്ച് മേക്ക് ചെയ്തുനോക്കിയതും ആതിര തന്നെയാണ്. കോമണ്‍ ഫ്രണ്ട് തന്നെ ആയതുകൊണ്ട് ഇരുവരോടും ഇക്കാര്യം പറയുകയും വീട്ടുകാരോടും സംസാരിച്ചു. അങ്ങനെയാണ് അമീന്റെ വീട്ടുകാരില്‍ നിന്നും വിവാഹാലോചന വരുന്നത് വിവാഹശേഷവും അഭിനയരംഗത്തും ടെലിവിഷനിലും തുടരുവാന്‍ തന്നെയാണ് ഡയാനയുടേയും അമീന്റെയും തീരുമാനം. തമിഴ്, മലയാളം എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഡയാന ടെലിവിഷന്‍ അവതാരകയായും മിനി സ്‌ക്രീനിലും സജീവമാണ്.
ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായിരിക്കെയാണ് ഒരു ഒഡിഷനിലൂടെ ഈ മേഖലയിലേക്ക് എത്തുന്നത്. ക്യാംപസ് സെലക്ഷനിലൂടെ ജോലിയും കിട്ടി. പക്ഷെ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയപ്പോള്‍ അഭിനയമേഖലയില്‍ തുടരുകയായിരുന്നു. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ദ് ഗാംബ്ലര്‍ ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. യുവം, വീകം, പാപ്പന്‍, മകള്‍, ടര്‍ക്കിഷ് തര്‍ക്കം, സൂപ്പര്‍ സിന്ദഗി എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. ഒരുമ്പെട്ടവന്‍ ആണ് ഡയാനയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. എഞ്ചിനീയറിംഗ് ജോലി കളഞ്ഞ ശേഷമാണ് അമീന്‍ അവതാരക രംഗത്തേക്ക് എത്തുന്നത്.