Latest News

'വാനപ്രസ്ഥത്തിലെ രംഗങ്ങള്‍ അനശ്വരമാക്കിയത് ഗുരുവിന്റെ ആ വാക്കുകള്‍';  'കര്‍ണഭാര'ത്തിനായി ഒരുങ്ങിയത് 8 ദിവസം കൊണ്ട്; ഇനിയൊരിക്കലും അത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല;ഈ ഭാഗ്യത്തെ എല്ലാവരുമായും പങ്കുവയ്ക്കുന്നു...'; ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തി മോഹന്‍ലാല്‍

Malayalilife
 'വാനപ്രസ്ഥത്തിലെ രംഗങ്ങള്‍ അനശ്വരമാക്കിയത് ഗുരുവിന്റെ ആ വാക്കുകള്‍';  'കര്‍ണഭാര'ത്തിനായി ഒരുങ്ങിയത് 8 ദിവസം കൊണ്ട്; ഇനിയൊരിക്കലും അത് ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ല;ഈ ഭാഗ്യത്തെ എല്ലാവരുമായും പങ്കുവയ്ക്കുന്നു...'; ദാദാസാഹേബ് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തി മോഹന്‍ലാല്‍

തന്റെ കരിയറിലെ ഏറ്റവും മികച്ചതും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിലൊന്നായിരുന്നു 'വാനപ്രസ്ഥ'ത്തിലെ കുഞ്ഞികുട്ടനെന്ന കഥാപാത്രമെന്ന് മോഹന്‍ലാല്‍. ചിത്രത്തിലെ പൂതനാമോക്ഷം അവതരണത്തിന് ജീവന്‍ നല്‍കിയത് അന്നത്തെ 92 വയസ്സുള്ള കഥകളി ആചാര്യന്റെ നിര്‍ദ്ദേശങ്ങളാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

'ലാല്‍, മദ്ദളത്തില്‍ വായിച്ചു കേള്‍ക്കുന്ന ഭാവങ്ങള്‍ മുഖത്ത് കൊണ്ടുവരാന്‍ ശ്രമിക്കൂ' എന്ന കഥകളി ഗുരുവിന്റെ വാക്കുകളാണ് ആ രംഗത്തെ അനശ്വരമാക്കാന്‍ തനിക്ക് ഊര്‍ജ്ജം നല്‍കിയതെന്ന് മോഹന്‍ലാല്‍ പറയുന്നു. 'കര്‍ണഭാരം' എന്ന സംസ്‌കൃത നാടകത്തിന് വെറും എട്ട് ദിവസങ്ങള്‍ കൊണ്ട് തയ്യാറെടുത്തതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരാധകരുടെ മനസ്സില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന മോഹന്‍ലാലിന്റെ മികച്ച പ്രകടനങ്ങളെക്കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം പങ്കുവെച്ചു. 'വാനപ്രസ്ഥം' താന്‍ നിര്‍മ്മിച്ച ചിത്രമാണെന്നും ഫ്രഞ്ച് സഹകരണത്തോടെയുള്ള ആദ്യ ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാണ സംരംഭമായിരുന്നു അതെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

കാന്‍ ചലച്ചിത്രോത്സവത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതും ദേശീയ ഗാനം കേട്ടതും ഏറെ അഭിമാനകരമായ നിമിഷങ്ങളായി അദ്ദേഹം ഓര്‍ക്കുന്നു. കഥകളി മഹത്തായതും ത്രിമാന സ്വഭാവമുള്ളതുമായ കലാരൂപമാണെന്നും മികച്ച കലാകാരനാകാന്‍ 40 വര്‍ഷത്തെ പരിശീലനം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'വാനപ്രസ്ഥ'ത്തില്‍ താനൊഴികെ മറ്റെല്ലാവരും യഥാര്‍ത്ഥ കഥകളി കലാകാരന്മാരായിരുന്നുവെന്നും അവരുടെ സൂക്ഷ്മമായ തിരുത്തലുകള്‍ തനിക്ക് വലിയ സഹായമായെന്നും അദ്ദേഹം പറഞ്ഞു. രാവണന്‍, അര്‍ജുനന്‍, ഹനുമാന്‍ തുടങ്ങി പല വേഷങ്ങളും താന്‍ കെട്ടി എന്നും, അത് ധൈര്യപൂര്‍വ്വമുള്ള കാര്യമാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കൊച്ചിയിലെത്തിയ ഈ പുരസ്‌കാരം ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി കാണുന്നുവെന്നും അത് എല്ലാവരുമായി പങ്കുവെക്കുന്നുവെന്നും പറഞ്ഞു. കൂടാതെ ആദരവുകള്‍ക്ക് മുന്‍പില്‍ താന്‍ കൂടുതല്‍ വിനയാന്വിതന്‍ ആകുന്നുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

'ഈ പുരസ്‌കാരം ഒരു കലാകാരന് കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. ആ ഭാഗ്യത്തെ എല്ലാവരുമായും പങ്കുവയ്ക്കുന്നു...വാനപ്രസ്ഥവും കര്‍ണ്ണഭാരവും ഒരു ക്ലാസിക്കല്‍ കലാരൂപം കൂടിയാണ്. അതുകൊണ്ടായിരിക്കാം രാഷ്ട്രപതി അത് എടുത്തു പറഞ്ഞത്. ആദരവുകള്‍ക്ക് മുന്‍പില്‍ ഞാന്‍ കൂടുതല്‍ വിനയാന്വിതന്‍ ആകുന്നു', മോഹന്‍ലാല്‍ പറഞ്ഞു.

ഇത്തരമൊരു നിമിഷത്തെ കുറിച്ച് ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ലെന്നും അഭിമാനകരമായ നിമിഷത്തിലാണ് നില്‍ക്കുന്നതെന്നും പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം മോഹന്‍ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമാണ് തന്റെ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എന്റെ പുരസ്‌കാരം മലയാള സിനിമയ്ക്ക് സമര്‍പ്പിക്കുന്നു. എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ', മോഹന്‍ലാല്‍ പറഞ്ഞു.


 

Read more topics: # മോഹന്‍ലാല്‍
mohanlal about vanaprastham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES