നടന്‍ ബൈജുവിന്റെ ഹരിയാന രജിസ്ട്രേഷനുള്ള ഓഡിയിലും അന്വേഷണം സജീവമാക്കും. ഈ കാര്‍ രജിസ്ട്രേഷന്‍ സന്തോഷ് കുമാര്‍ എന്ന വ്യക്തിയുടെ പേരിലാണ്. ബൈജുവിന്റെ ഔദ്യോഗിക പേര് സന്തോഷ് കുമാര്‍ എന്നാണ്. എന്നാല്‍ രജിസ്ട്രേഷന് നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിക്കുന്നത് ഹിന്ദിക്കാരനാണെന്നാണ് സൂചന. ഹരിയാനയില്‍ ഏഴു കൊല്ലമാണ് കാറുകള്‍ ഉപയോഗിക്കാന്‍ കഴിയുക. അതു കഴിഞ്ഞാല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് രജിസ്ട്രേഷന്‍ മാറ്റാം. ബൈജുവിന്റെ കാര്‍ 2015ല്‍ വാങ്ങിയതാണ്. അതുകൊണ്ട് തന്നെ ഹരിയാനയില്‍ കഴിഞ്ഞ വര്‍ഷത്തോടെ രജിസ്ട്രേഷന്‍ തീര്‍ന്നുവെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ഈ കാറിന്റെ രജിസ്ട്രേഷന്‍ കേരളത്തിലേക്ക് മാറ്റേണ്ടതുണ്ടായിരുന്നുവെന്നാണ് സൂചന. എന്നാല്‍ കേരളത്തില്‍ കാറിന്റെ നികുതി അടച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതെല്ലാം പോലീസ് അന്വേഷണത്തിന്റെ ഭാഗമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതുകൊണ്ട് തന്നെ വെള്ളയമ്പലം അപകടത്തില്‍ തുടര്‍ നടപടികള്‍ അനിവാര്യതയാണ്. ഇതില്‍ മാത്രമേ ഈ വസ്തുതകള്‍ എല്ലാം തെളിയൂ.
മദ്യപിച്ച് വാഹനം ഓടിക്കാന്‍ പാടില്ലെന്നും ആയതിന് വിപരീതമായാണ് ബൈജു സന്തോഷ് പ്രവര്‍ത്തിച്ചതെന്നും എഫ് ഐ ആര്‍ പറയുന്നു. വെള്ളയമ്പലം റോഡിലേക്ക് കവടിയാറില്‍ നിന്നും അമിത വേഗതയിലാണ് എത്തിയതെന്നും പറയുന്നു. ബൈജു മാത്രമാണ് പ്രതി. പരാതിക്കാര്‍ ആരുമില്ല. പോലീസ് സ്വമേധയാ ആണ് കേസെടുത്തത്. രാത്രി 12.30ന് അറസ്റ്റ് രേഖപ്പെടുത്തിയെന്നും എഫ് ഐ ആറിലുണ്ട്. അപകടമുണ്ടായത് രാത്രി 11.45നായിരുന്നു എന്നാണഅ എഫ് ഐ ആര്‍. ആറു മാസവും ആയിരം രൂപ പിഴയും പരമാവധി നല്‍കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മോട്ടോര്‍ വാഹന വകുപ്പിലെ ചട്ടവും എഫ് ഐ ആറിലുണ്ട്. ഹരിയാന രജിസ്ട്രേഷന്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ് ഐ ആറില്‍ വ്യക്തമാണ്. സീറ്റ് ബെല്‍റ്റ് ഇടാതെ ഓടിച്ചതിന് ആറു തവണയോളം പിഴ അടച്ചിട്ടുള്ള ചരിത്രവും ഈ കാറിനുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നികുതി കുറയ്ക്കാനായി കാര്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന താരങ്ങളുടെ നടപടി മുമ്പും ചര്‍ച്ചയായിട്ടുണ്ട്. നടനും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ കേരളാ പോലീസ് കേസും എടുത്തു. ഫഹദ് ഫാസില്‍ അടക്കം നിരവധി പേര്‍ ഈ വിവാദത്തില്‍ കുടുങ്ങുകയും ചെയ്തു. ഇതിന് സമാനമായ ചര്‍ച്ചകളാണ് ബൈജുവിന്റെ കാര്‍ അപകടവും ഉയര്‍ത്തുന്നത്. എന്നാല്‍ ഇതിലൊന്നും സ്ഥിരീകരണമോ തുടര്‍ നടപടികളുണ്ടാകുമെന്നോ പോലീസ് വിശദീകരിക്കുന്നുമില്ല.
അതിനിടെ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരേ മകള്‍ ഐശ്വര്യ സന്തോഷ് രംഗത്ത് എത്തി. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു 'കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് എന്റെ അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇത് പങ്കുവെക്കുന്നത്'- ഐശ്വര്യ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി 11.45-ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ച് അപകടമുണ്ടായത്. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിര്‍മാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. പൊടുന്നനേ അദ്ദേഹം കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്നാണ് സൂചനകള്‍. ഈ റോഡ് മാസങ്ങളായി അടഞ്ഞു കിടക്കുകായണ്. ഈ റോഡില്‍ നിന്നും കുറച്ചകലെയാണ് ബൈജുവിന്റെ വീട്. എന്നിട്ടും റോഡ് അടഞ്ഞു കിടക്കുന്നുവെന്ന യഥാര്‍ത്ഥ്യം ബൈജു മറന്നു പോയി. സിഗ്നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ഇയാള്‍ പരാതി നല്‍കാത്തത് ബൈജുവിന് ആശ്വാസമാണ്. കണ്‍ട്രോള്‍ റൂമിലെ പൊലീസുകാരാണ് ബൈജുവിനെ കസ്റ്റഡിയില്‍ എടുത്തത്. നടന്‍ മദ്യപിച്ചോ എന്ന് പരിശോധിക്കാനായി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പരിശോധനയോട് ബൈജു സഹകരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രശ്നമുന്നയിച്ചാണ് ബൈജു തടസ്സം നിന്നത്. ഇത് പോലീസും അംഗീകരിച്ചു. മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയോട് സഹകരിച്ചില്ലെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. അതുകൊണ്ട് തന്നെ മദ്യപിച്ചതിന് സമാനമായ വകുപ്പുകള്‍ ഈ കേസില്‍ നിലനില്‍ക്കും. മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് എടുത്തത്