ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലാല്‍ സലാമി'ന് തുടക്കമായി. ചെന്നൈയില്‍ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിഷ്ണു വിശാല്‍, വിക്രാന്ത് തുടങ്ങിയവര്‍ സെറ്റില്‍ ജോയിന്‍ ചെയ്തു.ക്രിക്കറ്റ് പശ്ചാത്തലമാക്കിയുള്ള സിനിമയില്‍ വിഷ്ണു വിശാലാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നിന്ന് ഇടവേളയെടുത്ത ശേഷമാണ് വിഷ്ണു സിനിമയുടെ ഭാഗമാകുന്നത്.
രജനികാന്തും സിനിമയില്‍ സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന 'ജയിലര്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാലുടന്‍ സൂപ്പര്‍താരം ഈ സിനിമയില്‍ ജോയിന്‍ ചെയ്യും. നേരത്തെ രജനികാന്ത് ഇളയ മകളായ സൗന്ദര്യ സംവിധാനം ചെയ്ത 'കൊച്ചടയാന്' എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു. ത്രീഡി മോഷന്‍ ക്യാപ്ച്ചര്‍ വിഭാഗത്തില്‍ ഒരുങ്ങിയ സിനിമയില്‍ കൊച്ചടയാന്, രണധീരന്, സേനധീരന് എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങളെയാണ് രജനികാന്ത് അവതരിപ്പിച്ചത്.
നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെയാണ് ലാല്‍ സലാമിന്റെ പുതിയ വിവരങ്ങള്‍ അറിയിച്ചത്. ഹോളി ആശംസകള്‍ക്കൊപ്പമാണ് അവര്‍ പോസ്റ്ററുകള്‍ പങ്കുവെച്ചത്.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. നടി ജീവിത രാജശേഖറും ലാല്‍ സലാമില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രജനികാന്തിന്റെ സഹോദരിയുടെ വേഷമാണ് നടി ചെയ്യുന്നതെന്നാണ് സൂചന. എ ആര് റഹ്മാന് സംഗീതം നിര്‍വ്വഹിക്കുന്നു, ഒന്നിലധികം ഭാഷകളില്‍ ഒരേ സമയം ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.