മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് താരമിപ്പോള്‍. 90 കളില്‍ സിനിമയിലൂടെ ആയിരുന്നു ശ്രീലക്ഷ്മി അഭിനയ ലോകത്തേക്ക് എത്തുന്നത്. നിരവധി സിനിമകളുടെ ഭാഗമായ നടി പിന്നീട് അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്തിരുന്നു.കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് നടി വീണ്ടും അഭിനയത്തില്‍ സജീവമായത്. അഭിനേത്രി എന്നതിനപ്പുറം മികച്ച നര്‍ത്തകി കൂടിയായ ശ്രീലക്ഷ്മി സ്വന്തമായി ഡാന്‍സ് സ്‌കൂളും നടത്തുന്നുണ്ട്.
പതിനേഴുവര്ഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീലക്ഷ്മി ഇപ്പോള്‍ അഭിനയത്തില്‍ സജീവം ആകുന്നത്. വിവാഹശേഷം ദുബായില്‍ ഭര്‍ത്താവിനൊപ്പമായിരുന്നു ശ്രീലക്ഷ്മി. വടക്കന്‍ സെല്‍ഫിയിലൂടെയാണ് നടി അഭിനയത്തിലേക്ക് മടങ്ങിയെത്തിയതും. തിരിച്ചുവരവിനു ശേഷം നിറയെ സിനിമകള്‍ ലഭിക്കുന്നുണ്ട് എങ്കിലും പണ്ട് ചെയ്തപോലെയുള്ള കഥാപാത്രങ്ങള്‍ കിട്ടുന്നില്ല എന്ന് പറയുകയാണ് ശ്രീ ലക്ഷ്മി. കൊത്ത് എന്ന സിനിമയിലെ അമ്മിണിയേച്ചി എന്ന കഥാപാത്രം ആണ് അടുത്തിടെ കിട്ടിയ കഥാപാത്രങ്ങളില്‍ മികച്ചതെന്നും നടി പറയുന്നു.
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ കിട്ടുക എന്നത് ഒരു ഭാഗ്യമാണ്. മുന്‍കാലങ്ങളില്‍ ചെയ്ത സിനിമകിലൂടെയുമാണ് പലരും തന്നെ തിരിച്ചറിയുന്നതെന്നും നടി പറയുന്നു. പുറത്തിറങ്ങുമ്പോള്‍ ഇപ്പോള്‍ സിനിമ ഇല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. എന്നാല്‍ ആഴമുള്ള കഥാപാത്രങ്ങള്‍ അടുത്തൊന്നും കിട്ടിയില്ലെന്നും നടി പറഞ്ഞു.
വിവാഹശേഷം ദുബായിലേക്ക് പോകുന്നത് ഇനി സിനിമ ചെയ്യുന്നില്ല എന്ന് ഉറപ്പിച്ചിട്ടാണ്. ആ സമയത്ത് സിനിമ ഉപേക്ഷിച്ചു പോയതിന്റെ നഷ്ടബോധം ഒന്നും ഉണ്ടായിരുന്നില്ല.പ്രണയവിവാഹം ആയിരുന്നു ഞങ്ങളുടേത്. എങ്ങനെ എങ്കിലും കല്യാണം കഴിച്ചു ഓടിപ്പോയാല്‍ മതി എന്നായിരുന്നു ചിന്ത. ഞങ്ങള്‍ കുടുംബസുഹൃത്തുക്കള്‍ ആയിരുന്നു. വീട്ടുകാര്‍ നീക്കുപോക്ക് ആക്കുന്നില്ല എന്ന് മനസിലായപ്പോഴാണ് സ്വയം വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുന്നത്.
രണ്ടുവീട്ടുകാരും തീരുമാനം എടുക്കുന്നില്ല എന്ന് മനസിലായപ്പോള്‍ പുള്ളി പറഞ്ഞു നീ ഇറങ്ങി വരുന്നെങ്കില്‍ വന്നോ എന്ന്. മഞ്ജുവിന്റെയും ദിലീപേട്ടന്റെയും വിവാഹദിവസം ആയിരുന്നു ഞങ്ങളുടെ വിവാഹവും. അതുകൊണ്ട് ആ വാര്‍ത്തയില്‍ ഞങ്ങളുടെ വിവാഹ വാര്‍ത്ത മാഞ്ഞുപോയി. കല്യാണം കഴിഞ്ഞ സമയത്താണ് ഭൂതക്കണ്ണാടിയിലെയും, മരണം ദുര്‍ബലം സീരിയലിലെ അഭിനയത്തിനും അവാര്‍ഡുകള്‍ ലഭിക്കുന്നതെന്നും അഭിമുഖത്തില്‍ ശ്രീലക്ഷ്മി പറയുകയുണ്ടായി.
മൂത്തമകന്‍ അനന്ത് മഹേശ്വര്‍ വലുതായപ്പോള്‍ സിനിമയിലേക്ക് മടങ്ങി വന്നാലോ എന്ന് ചിന്തിച്ചിരുന്നു. പിന്നീട് രണ്ടാമതും ഗര്‍ഭിണി ആയി. ഇളയമകന്‍ സ്‌പെഷ്യല്‍ ചൈല്‍ഡ് ആണ്. പത്തു പന്ത്രണ്ടു വര്ഷം അക്ഷിതിന് വേണ്ടി മാറ്റി വയ്ക്കേണ്ടി വന്നു. എങ്കിലും അഭിനയവും നൃത്തവും താന്‍ തുടര്‍ന്ന് പൊയ്‌ക്കൊണ്ടിരുന്നു എന്നും ശ്രീലക്ഷ്മി പറഞ്ഞു.
''കഴിഞ്ഞ ആറ് വര്‍ഷമായിട്ട് സന്തോഷവും സംതൃപ്തിയും നല്‍കുന്നത് സിനിമാ അഭിനയം തന്നെയാണ്. മോന്റെ കാര്യങ്ങളും മറ്റെല്ലാ ഉത്തരവാദിത്തങ്ങളും വരുമ്പോള്‍ മാനസികമായി തകര്‍ന്ന് പോകും. ആ സമയത്ത് ആശ്വാസം തരുന്നത് നൃത്തവും അഭിനയവുമാണ്. സ്റ്റേജില്‍ പെര്‍ഫോം ചെയ്യുന്നതിന്റെ സന്തോഷം മറ്റെന്ത് ചെയ്താലും കിട്ടില്ല. ജീവിതത്തില്‍ പലതരം പ്രതിസന്ധികളിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ഒരുപാട് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. ഇങ്ങനെയുള്ള കുഞ്ഞിനെ ഇട്ടിട്ട് അഭിനയിക്കാന്‍ നടക്കുന്നു എന്ന് കുറ്റപ്പെടുത്തിയവരുണ്ട്. അതൊന്നും ഞാന്‍ ഗൗനിക്കുന്നില്ല. എന്റെ ഉത്തരവാദിത്തങ്ങള്‍ തീര്‍ത്തിട്ടാണ് അഭിനയിക്കാന്‍ പോകുന്നത്, ഒരിക്കലും ഞാന്‍ എന്റെ മക്കളെ തനിച്ചാക്കിയിട്ടില്ല.
എനിക്ക് ഇങ്ങനെ ഒരു മകനുണ്ടാവുമെന്ന് വിചാരിച്ചതേയില്ല. അവന്‍ വന്നപ്പോള്‍ പലതും എനിക്ക് ത്യജിക്കേണ്ടി വന്നു. കുടുംബത്തില്‍ ഒരമ്മയ്ക്ക് മാത്രമേ അതിനു കഴിയൂ. ഇപ്പോള്‍ ചെറിയ മോന് 19 വയസ്സായി. എന്റെ അവസാന ശ്വാസം വരെ അവനെ നന്നായി നോക്കണം. എന്റെ ശ്വാസം നിലച്ചാല്‍ അവനെ ആരുനോക്കുമെന്ന് ചിന്തിക്കാറുണ്ട്. എനിക്ക് മക്കള്‍ കഴിഞ്ഞേ എന്തും ഉള്ളൂ''