ബോളിവുഡ് താരം സുശാന്ത് സിങ്ങിന്റെ മരണം ബോളിവുഡില്‍ വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. മരണത്തെക്കുറിച്ചുളള അന്വേഷണങ്ങളും മറ്റും വലിയ ചര്‍ച്ചയായി. വിഷാദരോഗത്തിനടിമയായ താരം ആത്മഹത്യ ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെതിരെ അദ്ദേഹത്തിന്റെ കുടുബംവും സുഹൃത്തുക്കളും ഉള്‍പ്പെടെ രംഗത്ത് വന്നിരുന്നു. കരണ്‍ ജോഹറുള്‍പെടെ പല പ്രമുഖരിലേക്കും അന്വേഷണമെത്തിയിരുന്നു. സുശാന്ത് സിങ് രാജ്പുത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി അഭിഭാഷകന്‍ വികാസ് സിങ്ങും ദിവസങ്ങള്‍ക്ക് മുമ്പ് രംഗത്തെത്തിയിരുന്നു. ഫോറന്സിക് ടീമിലെ അംഗമായ ഓള് ഇന്ത്യ ഇന്സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല് സയന്സിലെ ഡോക്ടറാണ് സുശാന്തിന്റേത് ആത്മഹത്യയല്ല കഴുത്ത് ഞെരിച്ചുള്ള കൊലപാതകമാണെന്ന് വ്യക്തമാക്കിയത് എന്നാണ് വികാസ് ട്വീറ്റ് ചെയ്തത്.
എന്നാല്‍ ഇപ്പോള്‍ സുശാന്തിന്റേത് തൂങ്ങിമരണം തന്നെയാണെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്‍സിലെ ഫോറന്‍സിക് മെഡിക്കല്‍ ബോര്‍ഡ് ഉറപ്പിച്ചിരിക്കയാണ്. കൊലപാതക സംശയങ്ങള്‍ തള്ളിക്കളഞ്ഞു കൊണ്ടായിരുന്നു എയിംസിന്റെ വിലയിരുത്തല്‍. സുശാന്തിനെ കൊലപ്പെടുത്തിയാണെന്ന പിതാവിന്റേയും അഭിഭാഷകന്റേയും വാദങ്ങള്‍ നിഷേധിക്കുന്നതാണ് സംഘത്തിന്റെ റിപ്പോര്‍ട്ട്.
മതിയായ പരിശോധനകളും പഠനങ്ങളും നടത്തിയെന്നും റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നും എയിംസ് ഫോറന്‍സിക് തലവന്‍ സുധീര്‍ ഗുപ്ത പറഞ്ഞു. തൂങ്ങിമരണമാണെന്ന് ഉറപ്പായതായും അദ്ദേഹം അറിയിച്ചു. തൂങ്ങിയതിനെ തുടര്‍ന്നുണ്ടായ പരുക്കല്ലാതെ ശരീരത്തില്‍ മറ്റൊരു പരുക്കുമില്ലെന്നും പിടിവലി നടന്നതിന്റെ ലക്ഷങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഏഴ് ഡോക്ടര്‍മാരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. തങ്ങളുടെ കണ്ടെത്തല്‍ റിപ്പോര്‍ട്ടാക്കി സിബിഐയ്ക്ക് കൈമാറിയിട്ടുണ്ട്. കഴുത്തിലെ അടയാളം തൂങ്ങിയതിനെ തുടര്‍ന്നുണ്ടായതാണെന്നും ശരീരത്തില്‍ മയങ്ങാനുള്ള മരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും ഡോക്ടര്‍ ഗുപ്ത അറിയിച്ചു.
നിലവില്‍ സുശാന്ത് സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് അന്വേഷണം നടക്കുന്നത്. താരത്തിന്റെ കാമുകി റിയ ചക്രബര്‍ത്തി അറസ്റ്റിലായതിന് പിന്നാലെ ബോളിവുഡിലെ മുന്‍നിര താരങ്ങളിലേക്ക് അന്വേഷണം എത്തിയിരുന്നു.