മലയാളി പ്രേക്ഷകരുടെ പ്രിയ ഗായികമാരിൽ ഒരാളാണ് സയനോര ഫിലിപ്. 2018-ൽ ജീൻ മാർക്കോസ് സംവിധാനം ചെയ്ത 'കുട്ടൻപിള്ളയുടെ ശിവരാത്രി' എന്ന ചിത്രത്തിലൂടെ സംഗീത സംവിധായികയായി അരങ്ങേറി. മലയാളത്തിന്റെ അതിര്വരമ്പുകൾക്കുമപ്പുറം എ ആർ റഹ്മാൻ ഉൾപ്പെടെ ഉള്ള സംഗീത പ്രതിഭകൾക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ചുരുക്കം ചില ഗായികമാരിൽ ഒരാളാണ് സയനോര. ആരാധകർക്കായി ഒരുപിടി ഹിറ്റ് ഗാനങ്ങളാണ് ഗായിക സമ്മാനിച്ചിട്ടുള്ളതും. മലയാള സിനിമയില്‍ ഗായികാഗായകന്മാര്‍ക്ക് ബേസിക് പേ ഫിക്‌സ് ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് എന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോൾ.
കരയുന്ന കുഞ്ഞിനേ പാലുളളൂ എന്ന പറയുന്നൊരു സവിശേഷതയാണ് മലയാളം ഇന്‍ഡസ്ട്രിയില്‍. നമ്മള്‍ ഇപ്പോള്‍ നമ്മള്‍ക്ക് ഇത്രയാണ് റേറ്റ് എന്നുപറഞ്ഞാല്‍, അത് ചിലപ്പോള്‍ ബാര്‍ഗെയ്ന്‍ ചെയ്ത് കുറയ്ക്കാന്‍ ശ്രമിക്കും. പക്ഷേ തെലുങ്കിലോ, തമിഴിലോ ഉളള പ്രതിഫലത്തിന്റെ ഒരു ചെറിയ ഭാഗം പോലും മലയാളത്തില്‍ ഇല്ല എന്നുളളത് വളരെ വളരെ സത്യമാണ്. സിനിമ എത്ര വലിയതോ, കുറഞ്ഞതോ ആയ ബഡ്ജറ്റാകട്ടെ, അതില്‍ നമ്മളെ സംബന്ധിച്ച് ഒരു ഗായകന്‍ അല്ലേല്‍ ഗായികയെ ആര്, പാടാന്‍ വിളിക്കുന്നത് എന്നതാണ് പ്രധാനം. മിക്കവാറും മ്യൂസിക് ഡയറക്ടേഴ്‌സാണ് വിളിക്കുക. പക്ഷേ അത് കൂടാതെ പ്രൊഡക്ഷന്‍ സൈഡില്‍ നിന്ന് വിളിക്കുന്നവരുമുണ്ട്.
വലിയ ബിഗ് ബജറ്റ് പടങ്ങളൊക്കെ ഇറങ്ങുമ്പോള്‍ മ്യൂസിക് ഡയറക്ഷന്‍ എന്ന ശാഖയിലേക്ക് പണം വരുമ്പോള്‍ അത് നന്നായി കുറയുന്നുണ്ട്. അതിന്റെ ഒരു രീതി വെച്ച് നോക്കുമ്പോള്‍, അല്ലേല്‍ പെര്‍സെന്റേജ് വെച്ച് നോക്കുന്നേരം വളരെ കുറവാണത്. ഭൂരിഭാഗം സിനിമകളിലും ബഡ്ജറ്റ് കട്ട് ചെയ്യാന്‍ ശ്രമിക്കുന്നത് മ്യൂസിക് ഡയറക്ഷന്‍ എന്ന മേഖലയിലാണ്. ഞാന്‍ ഇപ്പോള്‍ മൂന്നാമത്തെ പടം മ്യൂസിക് ഡയറക്ട് ചെയ്യുന്നത് കൊണ്ട് തന്നെ അറിയാം അതിന്റെ അവസ്ഥ. മ്യൂസിക്കിന് അല്ലേല്‍ ഒരു പാട്ട് പാടാനല്ലേ, അതിന് എന്തിനാണ് ഇത്രയും തുക എന്ന രീതിയിലാണ് ചോദ്യം. ആ ചോദ്യമാണ് ആദ്യം മാറേണ്ടത്. ഇത്തരം കാര്യങ്ങളാണ് ഗായികാ-ഗായകന്മാരുടെ പ്രതിഫലം കുറയ്ക്കുന്നത്.
ഞാനൊക്കെ സാധാരണ റെക്കോഡിങ്ങിന് വിളിക്കുമ്പോള്‍ പ്രതിഫലം പറയാറുണ്ട്. എന്തുപറഞ്ഞാലും മലയാളത്തെക്കാള്‍ കൂടുതലാണ് തെലുങ്കിലെയും തമിഴിലെയും പ്രതിഫലം. അത് മലയാളവുമായി താരതമ്യം ചെയ്യാന്‍ പോലും കഴിയില്ല. അത് എങ്ങനെയാണ് ശരിയാക്കേണ്ടത് എന്നുചോദിച്ചാല്‍ എല്ലാവരെയും കൂടി ഒരുമിച്ച് മുന്നോട്ട് വന്നാലേ അത് ശരിയാകുകയുളളൂ, സൗണ്ട് ഇന്‍ഡസ്ട്രി തീര്‍ച്ചയായിട്ടും കുറച്ച് ക്ലോസ് കൊണ്ടുവരുന്നുണ്ട് എന്നാണ് തനിക്ക് തോന്നുന്നത്.