ബോളിവുഡിന്റെ സ്വന്തം ഷാരൂഖ് ഖാനും അതുല്യ സംവിധായകന് മണിരത്നവും ഒന്നിച്ചിട്ട് 26 വര്‍ഷം പിന്നിടുകയാണ്. ഷാരൂഖിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായ ദില്‍ സേ ആണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ച അവസാന ചിത്രം. ഇന്ത്യന്‍ ചിലച്ചിത്ര മേഖലയിലെ അതികായന്മാരായ ഷാരൂഖും മണിരത്നവും വീണ്ടും ഒരുമിക്കണമെന്നുള്ള ആഗ്രഹം ചലച്ചിത്രപ്രവര്‍ത്തകരടക്കം നിരവധി സിനിമാ പ്രേമികള്‍ പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. അടുത്തിടെ, ഷാരൂഖിനെയും മണിരത്നത്തെയും ആദരിച്ച ഒരു ചടങ്ങില്‍, ഇരുവരും വീണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഷാരൂഖ് സംസാരിച്ചു. തന്നോടൊപ്പം ഒരു സിനിമ ചെയ്യാന്‍ മണിയോട് ''യാചിക്കുക''യാണെന്ന ഷാരൂഖിന്റെ വാക്കുകള്‍ സദസിനെ ഒന്നാകെ ചിരിപ്പിച്ചു.
'മണി സാര്‍, ഇപ്പോള്‍ എന്ത് പറയുന്നു, എല്ലാം ഇപ്പോള്‍ വെളിയില്‍ വന്നിരിക്കുന്നു. ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്, യാജിക്കുകയാണ്. ഞാന്‍ നിങ്ങളോട് എപ്പോഴും പറയാറുണ്ട്, എന്നോടൊപ്പം ഒരു സിനിമ ചെയ്യൂ എന്ന്. ഞാന്‍ സത്യം ചെയ്യുന്നു, നിങ്ങള്‍ പറഞ്ഞാല്‍ ഞാന്‍ 'ഛയ്യ ഛയ്യ'ക്കായി വിമാനത്തിന് മുകളില്‍ നൃത്തം ചെയ്യും,' ഷാരൂഖിന്റെ ചോദ്യംകേട്ട കാണികള്‍ ഒന്നാകെ പൊട്ടിച്ചിരിച്ചു. എന്നാണ് ഇരുവരും ഒന്നിക്കുന്നതെന്ന് മണിരത്നത്തിനോട് ചോദിച്ചപ്പെള് 'ഞാന്‍ ഒരു വിമാനം മേടിക്കുമ്പോള്‍' എന്നാണ് സംവിധായകന് തമാശയായി മറുപടി പറഞ്ഞത്.
ഇതുകേട്ട ഷാരൂഖ് ഉടനെ, 'ഞാന്‍? ഒരു വിമാനം മേടിച്ചാലോ'? എന്ന് മണിരത്നത്തോട് തിരിച്ച് ചോദിക്കുകയും 'ഞാന്‍ ചെയ്യാം' എന്ന് അദ്ദേഹം മറുപടി പറയുന്നുമുണ്ട്. 'മണി, എന്റെ സിനിമകള്‍ ഇപ്പോള്‍ എങ്ങനെയാണ് പോകുന്നതെന്ന് അറിയാമല്ലോ? വിമാനം വിധൂരമല്ല, ഞാന്‍ വരുന്നു' ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. ''ഞാന്‍ ശരിയാക്കിത്തരാം, വിഷമിക്കേണ്ട'' എന്നു പറഞ്ഞാണ് മണിരത്നം സംഭാഷണം അവസാനിപ്പിച്ചത്.
പത്താന്, ജവാന്, ഡങ്കി എന്നീ മുന്ന് ഹിറ്റ് ചിത്രങ്ങളിലൂടെയാണ് ഷാരൂഖ് കഴിഞ്ഞ വര്‍ഷം വമ്പന്‍ മടങ്ങിവരവ് നടത്തിയത്. ഷാരൂഖിന്റെ ഈ മൂന്ന് ചിത്രങ്ങളും ആഗോള ബോക്സ് ഓഫീസില്‍ 2500 കോടിയിലധികം കളക്ഷന്‍ നേടയിരുന്നു. ഷാരൂഖ് പുതിയ ചിത്രങ്ങളൊന്നും നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല. മകള്‍ സുഹാന ഖാന്റെ പുതിയ ചിത്രത്തില്‍ ഒരു സഹകഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കൂടാതെ വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് നായകനാകുമെന്ന റിപ്പോര്‍ട്ടുകളും പറത്തുവരുന്നുണ്ട്.