താന്‍ കടന്നുപോകുന്ന രോഗാവസ്ഥ വെളിപ്പെടുത്തി തമിഴ് സൂപ്പര്‍താരം അജിത്. തനിക്ക് ഇന്‍സോംനിയ ഉണ്ടെന്നും നാല് മണിക്കൂറില്‍ കൂടുതല്‍ കൂടുതല്‍ ഒരു ദിവസം ഉറങ്ങാന്‍ കഴിയാറില്ലെന്നും താരം പറഞ്ഞു. ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത് മനസ്സുതുറന്നത്.
'എനിക്ക് ഉറങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. നാല് മണിക്കൂറില്‍ കൂടുതല്‍ നന്നായി ഉറങ്ങാന്‍ കഴിയില്ല. വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പോലും എനിക്ക് കുറച്ചേ വിശ്രമിക്കാന്‍ കഴിയുകയുള്ളൂ.'- അജിത് പറഞ്ഞു. ഉറക്കക്കുറവ് കാരണം സിനിമകളോ വെബ് സീരീസുകളോ കാണാന്‍ കഴിയാറില്ലെന്നും അജിത് പറഞ്ഞു.
സ്വപ്നങ്ങള്‍ക്ക് പിന്നാലെ പായുമ്പോള്‍ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാറില്ലെന്നും അജിത് പറഞ്ഞു. ഭാര്യ ശാലിനിയുടെ പിന്തുണയാണ് ജീവിതത്തിലെ പ്രധാന ബലമെന്നും താരം വ്യക്തമാക്കി. റേസിങ്ങില്‍ അതീവ താത്പര്യമുള്ള അജിത് ഇപ്പോള്‍ സ്‌പെയിനിലെ ബാഴ്സലോണയില്‍ നടക്കുന്ന 24 മണിക്കൂര്‍ എന്‍ഡുറന്‍സ് റേസില്‍ പങ്കെടുക്കുകയാണ്.
സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള തന്റെ അഭിപ്രായവും താരം പങ്കുവെച്ചു. സോഷ്യല്‍ മീഡിയ ശരിയായ കൈകളിലാണെങ്കില്‍ അതൊരു മികച്ച ഉപകരണം ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൂടാതെ രാജ്യാന്തര തലത്തില്‍ ഇന്ത്യന്‍ സിനിമകള്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അജിത് സംസാരിച്ചു. കൊറിയന്‍ സിനിമകള്‍ ലോകശ്രദ്ധ നേടുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം കൊറിയന്‍ സിനിമകള്‍ കണ്ട് കൊറിയന്‍ ഭാഷ പഠിച്ച സുഹൃത്തുക്കള്‍ തനിക്കുണ്ടെന്നും ഓര്‍മ്മിപ്പിച്ചു.
തന്റെ ഇഷ്ടവിനോദമായ കാര്‍ റേസിംഗിലെ അപകട സാധ്യതകളെക്കുറിച്ചും താരം സംസാരിച്ചു. ദുബായില്‍ അടുത്തിടെയുണ്ടായ അപകടത്തെക്കുറിച്ച് ആരാധകര്‍ ഭയപ്പെട്ടെങ്കിലും, അതെല്ലാം മത്സരത്തിന്റെ ഭാഗം മാത്രമാണെന്നാണ് അജിത് നല്‍കിയ വിശദീകരണം.
ഗുഡ് ബാഡ് അഗ്ലി' എന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയിലാണ് അജിത് അവസാനമായി അഭിനയിച്ചത്. ആധിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എകെ64 എന്ന പുതിയ ചിത്രത്തില്‍ താരം ഉടന്‍ ചേരും.