വിശ്വരൂപം', 'വസീര്‍', 'ടേക്ക് ഓഫ്' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രഹകനായ സാനു ജോണ്‍ വര്‍ഗീസിന്റെ പ്രഥമ സംവിധായകസംരംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സാനു സംവിധായകനായി എത്തുന്ന ആദ്യ ചിത്രം നിര്‍മ്മിക്കുന്നത് സുഹൃത്തായ സന്തോഷ് ടി കുരുവിളയാണ്. ആത്മ സുഹൃത്തുമൊത്ത് ഒരു സിനിമ എന്ന ഏറെ നാളത്തെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു എന്ന് സന്തോഷ് ടി കുരുവിള നേരത്തെ വെളിപ്പെടുത്തിയിരുന്നു. സന്തോഷ് ടി കുരുവിള നിര്‍മ്മാതാവായ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ആയിരുന്നു.
സാനുവിന്റെ സിനിമയില്‍ ബിജു മേനോനും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളാകും. അയ്യപ്പനും കോശിയിലെ അയ്യപ്പനു ശേഷം ബിജു മേനോന്റെ മറ്റൊരു കരുത്തനായ കഥാപാത്രമായിരിയ്ക്കും ഈ ചിത്രത്തിലേതെന്ന് സഹനിര്‍മ്മാതാവ് സന്തോഷ് ടി. കുരുവിള പറയുന്നു. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റും സംയുക്തമായിട്ടാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹലാല്‍ ലവ് സ്റ്റോറിക്ക് ശേഷം ആഷിഖ് അബു നിര്‍മ്മാണ പങ്കാളിയാവുന്ന ചിത്രവുമാണ്. കോട്ടയത്താണ് ചിത്രീകരണം. കോട്ടയത്തിന്റെ മണ്ണില്‍ നിന്ന് ഈ നാടിന്റെ പശ്ചാത്തലത്തില്‍ തന്നെ കോട്ടയം കാരായ ഞങ്ങളിരുവരുടേയും ഏറെക്കാലത്തെ ത്രില്ലിന് നിറം നല്‍കുകയാണ് എന്നാണ് ചിത്രത്തെ പറ്റി സന്തോഷ് വെളിപ്പെടുത്തിയത്.
ജി ശ്രീനിവാസ റെഡ്ഡി ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും. യാക്സണ്‍ ഗാരി പെരേര- നേഹാ നായര്‍ ടീമാണ് സംഗീത സംവിധാനം. സംവിധായകന്‍ രതീഷ് പൊതുവാള്‍ പ്രൊജക്ട് ഡിസൈനര്‍. ജ്യോതിഷ് ശങ്കറാണ് കലാസംവിധാനം. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.
കമല്‍ഹാസന്‍ സംവിധാനം ചെയ്ത വിശ്വരൂപം, ബിജോയ് നമ്പ്യാരുടെ വസീര്‍, മഹേഷ് നാരായണന്റെ ടേക്ക് ഓഫ്, ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ ബദായി ഹോ എന്നീ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു സാനു ജോണ്‍ വര്‍ഗീസ്. ശ്യാമപ്രസാദ് ചിത്രം 'ഇലക്ട്ര'യിലൂടെയാണ് ഛായാഗ്രാഹകനായി സാനു ജോണ്‍ വര്‍ഗീസ് തുടക്കം കുറിച്ചത്. ഫഹദ് ഫാസില്‍ ചിത്രമായ 'മാലിക്കി'നും സാനു തന്നെയാണ് ഛായാഗ്രഹണം. അടുത്ത വര്‍ഷം തിയറ്റര്‍ റിലീസിനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്.