മലയാളികള്‍ക്കും സുപരിചിതയായ തെന്നിന്ത്യന്‍ നായികയാണ് സമീറ റെഡ്ഡി. രണ്ടാമത് ഗര്‍ഭിണിയായ ചിത്രങ്ങളും മകളുടെ ചിത്രങ്ങളുമെല്ലാം താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ സമീറയുടെ മകള്‍ക്ക് ഒന്നരവയസാണ് പ്രായം. മക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടുമെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. നാളുകള്‍ക്ക് മുമ്പ് ബോഡി ഷെയ്മിങ്ങിനെതിരെ തുറന്നടിച്ച് തന്റെ മേക്കപ്പില്ലാത്ത വീഡിയോയുമായി സമീറ എത്തിയിരുന്നു. തന്റെ നരച്ച മുടിയും മെയ്ക്കപ്പ് ഇല്ലാത്ത മുഖവുമായിട്ടാണ് സമീറ മോട്ടിവേഷണല്‍ വീഡിയോയുമായി എത്തിയത്.
പ്രസവ ശേഷം തടികൂടിയതിനെ പറ്റിയും തനിക്കുണ്ടായ വിഷാദരോഗത്തെയും മുടി കൊഴിച്ചിലിനെയും കുറിച്ചെല്ലാം സമീറ തുറന്നു പറഞ്ഞിരുന്നു. നിരന്തരമായി ബോഡി ഷെയ്മിങ്ങിനെതിരെയും താരംം രംഗത്തെത്താറുണ്ട്. മൂത്ത മകന് 3 വയസുള്ളപ്പോഴാണ് സമീറ രണ്ടാമത് ഗര്‍ഭം ധരിച്ചത്. ഇപ്പോള്‍ രണ്ടാമതൊരു കുഞ്ഞ് വേണമെന്ന് തീരുമാനം എടുത്തത് സംബന്ധിച്ച കുറിപ്പ് പങ്കുവയ്ക്കുകയാണ് സമീറ.
രണ്ടാമതൊരു കുട്ടി കൂടി വേണമെന്ന് നിങ്ങള്‍ തിരിച്ചറിയുന്നത് എപ്പോഴാണ്? എന്ന വാചകത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. പലപ്പോഴും ഈ ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടെന്നും ഓരോരുരുത്തരുടെയും അനുഭവങ്ങളെ അടിസ്ഥാനമാക്കിയാകും തീരുമാനമെന്നും സമീറ പറയുന്നു. 'രണ്ടു കുഞ്ഞുങ്ങള്‍ വേണമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. എന്നാല്‍, എല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കാനുള്ള ധൈര്യമുണ്ടോ എന്ന് ഞാന്‍ എന്നോടു തന്നെ ചോദിക്കുമായിരുന്നു. ഗര്‍ഭകാലം, ഉറക്കമില്ലാത്ത രാത്രികള്‍, അമിതവണ്ണം, പ്രസവാനന്തര വിഷാദരോഗം ഇതെല്ലാം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ തയാറാണോ എന്ന് സ്വയം ചോദിക്കുമായിരുന്നു.
ആദ്യപ്രസവത്തിനു ശേഷം എനിക്ക് വിഷാദരോഗമുണ്ടായി. എന്നാല്‍, നൈറ ജനിച്ചപ്പോള്‍ അത് കുറഞ്ഞു. എല്ലാം വീണ്ടും അനുഭവിക്കുന്നതില്‍ സന്തോഷമാണ് തോന്നുന്നത്. നിര്‍ഭാഗ്യവശാല്‍ ആദ്യ വട്ടം ഇത്തരത്തിലുള്ള മാനസീകാവസ്ഥകളിലൂടെ കടന്നു പോകുമെന്ന് അന്ന് എനിക്ക് അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇത്തരം അവസ്ഥകളെ എനിക്ക് നന്നായി അറിയാം. അതുകൊണ്ടു തന്നെ എല്ലാ സ്ത്രീകള്‍ക്കും ഇത് ആസ്വദിക്കാന്‍ സാധിക്കും. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും സ്‌നേഹം വിഭജിച്ച് നല്‍കേണ്ടിവരും. ഒപ്പം അവനവനും പങ്കാളിക്കും വേണ്ടി ജീവിക്കാനും മറക്കരുത്.
പലകുടുംബങ്ങളും ഒരുകുട്ടിയോ അല്ലെങ്കില്‍ കുട്ടികള്‍ ഇല്ലാതെയോ സന്തുഷ്ടരായിരിക്കും. ഏത് തീരുമാനവും നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് എടുക്കുമ്പോള്‍ അത് മനോഹരമായിരിക്കും. ആരുടെയും സമ്മര്‍ദത്തിനു വഴങ്ങരുത്. ഇത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കണം. ഒന്നും അത്ര എളുപ്പമല്ല. എന്നാല്‍, അത്രയും കഠിനവും അല്ല.' സമീറ പറയുന്നു.