തെലുങ്കില്‍ മാത്രമല്ല രാജ്യത്തൊട്ടാകെ ആരാധകരുള്ള താരമാണ് റാണാ ദഗുബാട്ടി. 'ബാഹുബലി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയാകര്‍ഷിച്ച താരം 'വിരാട പര്‍വ'ത്തില്‍ നായകനായും തിളങ്ങി. വലതു കണ്ണിന് കാഴ്ച ഇല്ലെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോളിതാ കണ്ണും വൃക്കയും മാറ്റിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
റാണ നായിഡു എന്ന പുതിയ സീരീസിന്റെ പ്രമോഷനിടെയാണ് റാണ ദഗുബാട്ടി തന്റെ ശാരീരികാവസ്ഥയെ പറ്റി തുറന്ന് സംസാരിച്ചത്. കണ്ണ് മാറ്റിവെച്ചെങ്കിലും തന്റെ ഇടതു കണ്ണ് പൂട്ടിയാല്‍ തനിക്ക് ഒന്നും കാണാനാകില്ലെന്നും ശാരീരിക ബുദ്ധിമുട്ടുകളുണ്ടെങ്കിലും തളര്‍ന്ന് പോകരുതെന്നും താരം പറഞ്ഞു.ശാരീരികമായ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ തകര്‍ന്നു പോകുകയാണ് പലരും. തനിക്ക് മുന്നോട്ട് പോയേ മതിയാകൂ എന്നും റാണാ ദഗുബാട്ടി പറയുന്നു.ഒരാളുടെ കണ്ണ് ദാനമായി ലഭിക്കുകയായിരുന്നു. കണ്ണ് മാറ്റിവെച്ചെങ്കിലും കാഴ്ച ശക്തി തനിക്ക് തിരിച്ചുകിട്ടിയില്ല. ഇടത് കണ്ണ് പൂട്ടിയാല്‍ തനിക്ക് ഒന്നും കാണാനാകില്ലെന്നും നടന്‍ പങ്ക് വച്ചു.
റാണ നായിഡു' എന്ന കഥാപാത്രമായിട്ടാണ് സീരീസില്‍ ദഗുബാട്ടി വേഷമിട്ടിരിക്കുന്നത്.റാണാ ദഗുബാട്ടി നായകനായി ഒടുവിലെത്തിയ ചിത്രം 'വിരാട പര്‍വ'ത്തില്‍ സായ് പല്ലവി ആയിരുന്നു നായിക. വേണു ഉഡുഗുളയായിരുന്നു ചിത്രത്തിന്റെ സംവിധാനം. ദിവാകര്‍ മണി ആയിരുന്നു ഛായാഗ്രാഹണം. സുരേഷ് ബൊബ്ബില്‍ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചു. പ്രിയാമണി, സെറീന വബാവ്, സായ് ചന്ദ്, രാഹുല്‍ രാമകൃഷ്ണ തുടങ്ങി ഒട്ടേറെ പേര്‍ 'വിരാട പര്‍വ'ത്തില്‍ വേഷമിട്ടു. സായ് പല്ലവിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ചിത്രമായിരുന്നു 'വിരാട പര്‍വം'. നക്‌സല്‍ ആയിട്ടായിരുന്നു സായ് പല്ലവി ചിത്രത്തില്‍ അഭിനയിച്ചത്.