മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും. പൃഥ്വിരാജ് പ്രതിനായകനായാണ് എത്തുന്നത്. മോഹന്‍ലാല്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ആദ്യമായാണ് മോഹന്‍ലാലും പൃഥ്വിരാജും ഒരു അന്യഭാഷാ ചിത്രത്തില്‍ ഒരുമിക്കുന്നത്. ഇന്തോനേഷ്യന്‍ താരം ചെല്‍സ ഐലന്‍ ആണ് നായിക.
നാഗാര്‍ജ്ജുന, ദീപിക പദുകോണ്‍ എന്നിവരും തിരനിരയിലുണ്ടാകുമെന്നാണ് വിവരം. താരനിര്‍ണയം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ചെല്‍സ ഐലന്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈവര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് രാജമൗലിയുടെ തീരുമാനം.
2028 ല്‍ ലോക വ്യാപകമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് എസ്.എസ്. എം. ബി 29 എന്നാണ് താത്കാലികമായി നല്‍കുന്ന പേര്. ബാഹുബലി, ആര്‍.ആര്‍.ആര്‍ എന്നീ ചിത്രങ്ങള്‍ക്ക് രചന നിര്‍വഹിച്ച രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ.
ആഫ്രിക്കന്‍ വനാന്തരങ്ങളിലാണ് ചിത്രീകരണം. രാജമൗലിയുടെ സ്വപ്നപദ്ധതികളില്‍ ഒന്നായ ഗരുഡയാണോ പുതിയ ചിത്രമെന്ന് ചലച്ചിത്ര പ്രേമികള്‍ ഉറ്റുനോക്കുന്നുണ്ട്. എന്നാല്‍ ഒരുങ്ങുന്നത് ഗരുഡയല്ലെന്നും ഹനുമാനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട കഥാപാത്രത്തെ മഹേഷ് ബാബു അവതരിപ്പിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. ആര്‍.ആര്‍. ആറിന്റെ ജപ്പാന്‍ പ്രീമിയറിലാണ് മഹേഷ് ബാബുവിനൊപ്പമാണ് തന്റെ അടുത്ത ചിത്രമെന്ന് രാജമൗലി പ്രഖ്യാപിച്ചത്.