അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ് എന്ന ചിത്രം മതവികാരം വ്രണപ്പെടുത്തിയെന്ന വിമര്‍ശനം ഉയര്‍ന്നതോടെ ചിത്രം നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കി. നയന്‍താരയെ നായികയാക്കി നിലേഷ് കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിനെതിരെ ഹൈന്ദവ സംഘടകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോയും ട്രിഡെന്റ് ആര്‍ട്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
മതവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് നിര്‍മ്മാതാക്കള്‍ക്കെതിരെ മുന്‍ ശിവസേന നേതാവ് രമേശ് സോളങ്കി പരാതി നല്‍കിയിരുന്നു. ചിത്രം ഹിന്ദു വിരുദ്ധമാണെന്നും ഭഗവാന്‍ രാമന്‍ മാംസം ഭക്ഷിച്ചെന്ന് പറയുന്ന രംഗം മതവികാരം വ്രണപ്പെടുത്തിയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. മതവികാരം വ്രണപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങള്‍ നീക്കുമെന്നും സീ സ്റ്റുഡിയോ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ അന്നപൂരണി ഡിസംബര്‍ 29നാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്തത്.
വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നായികയായ നയന്‍താരയ്‌ക്കെതിരെ കേസെടുത്തിട്ടുമുണ്ട്. മധ്യപ്രദേശിലെ ജബല്‍പൂരിലെ രണ്ട് വലതുപക്ഷ സംഘടനകള്‍ നല്‍കിയ വെവ്വേറെ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. നയന്‍താരയ്ക്ക് പുറമേ അന്നപൂരണിയുടെ സംവിധായകന്‍ നീലേഷ് കൃഷ്ണ, നിര്‍മാതാക്കള്‍, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യാ കണ്ടന്റ് ഹെഡ് മോണിക്കാ ഷെര്‍ഗില്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തു.
സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നു.ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച് നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട് എന്നതാണ് വിവാദത്തിന് ഇടയാക്കിയത്.
വിവാദത്തില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത് രംഗത്തെത്തിയിട്ടുണ്ട്. ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ചിത്രം നെറ്റ്ഫ്ളിക്സില്‍ നിന്ന് നീക്കം ചെയ്തത് പിന്നാലെയാണ് പാര്‍വതി പ്രതികരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം.
'അപകടകരമായ ഒരു സാഹചര്യം സൃഷ്ടിക്കപ്പെടുന്നു' എന്നാണ് താരം പങ്കുവച്ചത്. സിനിമ ഇത്തരത്തില്‍ സെന്‍സറിങ്ങിന് വിധേയമാകുമ്പോള്‍ ശ്വാസം കിട്ടാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ടാകുമെന്നും പാര്‍വതി കുറിച്ചു.
ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്..