2005ല്‍ ബോയ്ഫ്രണ്ടിലൂടെ മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ഹണി റോസ്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളിലൂടെയും മേക്കോവറുകളിലൂടെയും മലയാളിയുടെ പ്രിയങ്കരിയായി മാറിയ നടി അഭിനയത്തില്‍ നിന്നും മാറി വേറിട്ട മേഖലയിലേക്ക് ചുവടു വച്ചിരിക്കുകയാണ് ഇപ്പോള്‍. മറ്റുള്ള സിനിമാ താരങ്ങള്‍ ഹോട്ടല്‍ ബിസിനസുകളിലും റെസ്‌റ്റോറന്റ് മേഖലയിലും ബ്യൂട്ടി പാര്‍ലറുകളുമൊക്കെയായി വരുമാനം നിക്ഷേപിക്കുമ്പോള്‍ ഹണി റോസ് വ്യത്യസ്ത മേഖലയിലാണ് തുടക്കം കുറിച്ചിരിക്കുന്നത്.
അതു മറ്റൊന്നുമല്ല, രാമച്ചത്തിന്റെ സുഗന്ധവുമായി ഹണി റോസിന്റെ സ്വന്തം ഹണി ബാത്ത് സ്‌ക്രബര്‍ ആണ് ആ ഉല്‍പന്നം. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഷെല്‍ഫുകളിലേക്ക് എത്തിച്ചിരിക്കുന്ന ഈ ആയുര്‍വ്വേദ ഉല്‍പന്നം മികച്ച രീതിയില്‍ വിറ്റഴിഞ്ഞു പോകുന്നുണ്ടെന്നാണ് ഹണിയുടെ സാക്ഷ്യപ്പെടുത്തല്‍. കഠിനാധ്വാനവും മികച്ച ആശയവുമാണ് ഈ വിജയത്തിനു പിന്നിലെന്നു നടി ഉറപ്പിച്ചു പറയുന്നു.
രാമച്ചം കൊണ്ടു നിര്‍മിക്കുന്ന ആയുര്‍വേദിക് സ്‌ക്രബര്‍ ഹണിറോസ് ബ്രാന്‍ഡ് ചെയ്തിറക്കിയപ്പോള്‍ ലോഞ്ച് ചെയ്തത് മോഹന്‍ലാലായിരുന്നു. ഹണിയുടെ കുടുംബത്തിനു നേരത്തേയുണ്ടായിരുന്ന ബിസിനസായിരുന്നു ഇത്. എന്നാല്‍, ഹണിയുടെ ഇടപെടലോടെ കാര്യങ്ങള്‍ ഒന്നു പരിഷ്‌കരിച്ചു. അച്ഛന്‍ വര്‍ഗീസ് തോമസും അമ്മ റോസ് വര്‍ഗീസും ചേര്‍ന്ന് തൊടുപുഴ മൂലമറ്റത്ത് രാമച്ചത്തിന്റെ സ്‌ക്രബര്‍ യൂണിറ്റ് തുടങ്ങുമ്പോള്‍ 20 പേരാണു ജോലിക്കുണ്ടായിരുന്നത്.
എന്നാല്‍ ഇന്ന് യൂണിറ്റില്‍ നൂറിലേറെപ്പേരുണ്ട്. എല്ലാം വീടിന് അടുത്തുള്ള ചേച്ചിമാര്‍ തന്നെയാണ്. അമ്മയാണു കാര്യങ്ങളെല്ലാം നോക്കുന്നത്. ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ ഓടിയെത്തും. രാമച്ചം കൊണ്ടുവരുന്നതു തൃശൂരില്‍ നിന്നാണ്. രാമച്ചത്തിന്റെ വേരാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഒപ്പം രാമച്ചം കിടക്ക, ഓയില്‍ ബിസിനസുകളുമുണ്ട് എന്നും ഹണി പറഞ്ഞു.
മലയാള സിനിമയിലേക്ക് ഹണി ചുവടു വച്ചിട്ട് പതിനഞ്ചു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഈ കാലത്തിനിടയില്‍ കരിയര്‍ഗ്രാഫിലെ ഉയര്‍ച്ച താഴ്ചകളോട് ഹണിയുടെ പ്രതികരണം ഇങ്ങനെയാണ്: എല്ലാം ഒരു എക്‌സ്പീരിയന്‍സായി എടുക്കുന്നു. പ്രതീക്ഷകള്‍ എന്നുമുണ്ടായിരുന്നു. എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് നമുക്കു പ്രവചിക്കാനാകില്ലല്ലോ. സിനിമയെ അത്രമാത്രം സ്‌നേഹിക്കുന്ന വ്യക്തിയാണു ഞാന്‍. അഭിനയത്തിലും രൂപത്തിലുമെല്ലാം ഒരുപാടു മാറ്റങ്ങള്‍ക്കു വിധേയയായിട്ടുണ്ട് എന്നു വിശ്വസിക്കുന്നു. അത് ഇംപ്രൂവ് ചെയ്തുകൊണ്ടേയിരിക്കണം എന്നാഗ്രഹിക്കുന്നു എന്നും സിനിമയുടെ ഒപ്പം നില്‍ക്കണം എന്നാശിക്കുന്നുവെന്നുമായിരുന്നു നടിയുടെ വാക്കുകള്‍.