നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുന. 'ദി ഗോസ്റ്റ്' എന്ന ചിത്രത്തിന്റെ പരാജയത്തിന് ശേഷം മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ 'പെറിഞ്ചൂ മറിയം ജോസ്' റീമേക്കായ 'നാ സാമി രംഗ' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു താരം.
വിജയ് ബിന്നി സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി രണ്ടര മാസമായി തിരക്കിലായിരുന്ന താരം, ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ ലഭിച്ച അവധിക്കാലം ആഘോഷിക്കാന്‍ മാലിദ്വീപിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാലി യാത്ര ഉപേക്ഷിച്ചതായി താരം വെളിപ്പെടുത്തി.
നാ സാമി രംഗയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നാഗാര്‍ജുന ഇതേപ്പറ്റി സംസാരിച്ചത്, 'ബിഗ് ബോസിനും, നാ സാമി രംഗയ്ക്കും വേണ്ടി 75 ദിവസം ഇടവേളയില്ലാതെയാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. ഞാന്‍ എന്റെ മാലിദ്വീപ് യാത്ര ഉപേക്ഷിക്കുകയാണ്. അടുത്താഴ്ച ലക്ഷദ്വീപിലേക്ക് പോകാനുള്ള ശ്രമത്തിലാണ്. ഭയം കൊണ്ടോ മറ്റു പ്രശനങ്ങള്‍ കൊണ്ടോ അല്ല, ആരോഗ്യ പ്രശനങ്ങളാണ് ടിക്കറ്റ് റദ്ദാക്കാന്‍ കാരണം,' നാഗാര്‍ജുന പറഞ്ഞു.
മാലദ്വീപ് ക്യാബിനറ്റ് മന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇന്ത്യക്കാര്‍ക്കും എതിരെ നടത്തിയ പരാമര്‍ശങ്ങളെയും നാഗാര്‍ജുന എടുത്തു പറഞ്ഞു. 'പ്രധാനമന്ത്രിയെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങളും പറഞ്ഞ വാക്കുകളും ആരോഗ്യകരമല്ല, അത് ശരിയല്ല. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയാണ്. 150 കോടിജനങ്ങളുടെ നേതാവ്. അദ്ദേഹത്തോടുള്ള പെരുമാറ്റം ശരിയല്ല. അവര്‍ ചെയ്തതിനുള്ള റിയാക്ഷന്‍ അവര്‍ക്ക് ലഭിക്കും.'
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ അടുത്തിടെ എക്സില്‍ പങ്കുവച്ച, ലക്ഷദ്വീപ് ദ്വീപുകളില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം പോസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതോടെ മാലിദ്വീപിലെ രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ എന്നിവര്‍ ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയ യുദ്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
മോദിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശവുമായി മാലിദ്വീപ് മന്ത്രിമാര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം വഷളാവുകയും ചെയ്തിരുന്നു. അതേസമയം, മോദിയെ വിമര്‍ശിച്ച മന്ത്രിമാരെ മാലിദ്വീപ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.