കോവിഡ് പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. എല്ലാ തൊഴില്‍ മേഖലകളിലെന്നതുപോലെ സിനിമയിലും വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഷൂട്ടിങ്ങുകളെല്ലാം 6 മാസമായി മുടങ്ങിയിരിക്കയാണ്. ചില ചിത്രങ്ങളുടെ ഷൂട്ടിങ്ങുകളും ആരംഭിച്ചെങ്കിലും കടുത്ത നിയന്ത്രണത്തിലാണ് ഇവയെല്ലാം. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെ രണ്ട് പ്രമുഖ നടന്മാര്‍ കോവിഡ് കാലത്തേക്കാള്‍ കൂടുതല്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ്. തുടര്‍ന്ന് ഇവരെ പ്രധാന കഥാപാത്രങ്ങളാക്കി ആസൂത്രണം ചെയ്ത രണ്ട് സിനിമകളുടെ ചിത്രീകരണാനുമതി പുനഃപരിശോധിക്കാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചു.
സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിഫലം കുറച്ചപ്പോഴാണ് മറ്റു ചില താരങ്ങള്‍ കൂട്ടിയത്. 75 ലക്ഷം വാങ്ങിയിരുന്ന നടന്‍ ഒരു കോടിയും 45 ലക്ഷം വാങ്ങിയിരുന്ന നടന്‍ 50 ലക്ഷവുമാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് രണ്ട് ചിത്രങ്ങളുടേയും നിര്‍മാതാക്കള്‍ക്ക് കത്ത് അയക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. പ്രതിഫലം ഉള്‍പ്പടെ നിര്‍മാണ ചെലവു കുറയ്ക്കുന്നതു സംബന്ധിച്ചുള്ള പുനഃപരിശോധനയ്ക്ക് ശേഷമാകും ഈ സിനിമകള്‍ക്ക് അനുമതി നല്‍കുക.
മോഹന്‍ലാലിന്റെ ദൃശ്യം 2 ഉള്‍പ്പടെ 11 പുതിയ ചിത്രങ്ങളുടെ നിര്‍മാണച്ചെലവുമായി ബന്ധപ്പെട്ട വിശദാംശങ്ങളാണ് നിര്‍വാഹക സമിതി പരിശോധിച്ചത്. കോവിഡ് കാലത്തു ചെയ്ത സിനിമയില്‍ ലഭിച്ചതിനേക്കാള്‍ 50 ശതമാനത്തോളം കുറഞ്ഞ പ്രതിഫലത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായ അദ്ദേഹം നിര്‍മാതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം പ്രതിഫലം ഗണ്യമായി കുറയ്ക്കാന്‍ തയാറാവുകയായിരുന്നു.
അതിനിടെ പുതിയ ചിത്രങ്ങളുടെ റിലീസുകള്‍ ഉടനെ വേണ്ടെന്നും സംഘടന തീരുമാനിച്ചു. ജിഎസ്ടിക്കു പുറമേ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിനോദ നികുതി പിന്‍വലിക്കാതെ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്നാണ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പലവട്ടം സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും അനുകൂല നടപടിയില്ലാത്തതിനാലാണ് തീയെറ്ററുകള്‍ തുറന്നാലും പുതിയ ചിത്രങ്ങള്‍ പുറത്തിറക്കേണ്ടെന്ന് കടുത്ത തീരുമാനത്തിലേക്ക് എത്തിയത്..