അല്‍ഫോന്‍സ് പുത്രന്റെ പ്രേമം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടി അനുപമ പരമേശ്വരന്‍ ഇന്ന് മലയാളത്തില്‍ സജീവമല്ല എങ്കിലും തെലുങ്കില്‍ മുന്‍നിര നായികമാരുടെ ലിസ്റ്റിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. നടിയുടെ ഒടുവിലിറങ്ങിയ കാര്‍ത്തികേയ 2 സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ഈ സിനിമ മലയാളത്തിലേക്ക് മൊഴി മാറ്റി സെപ്റ്റംബര്‍ 23 ന് റിലീസ് ചെയ്യാനൊരുങ്ങുമ്പോള്‍ വിശേഷങ്ങള്‍ പങ്ക് വക്കുകയാണ്.
'മലയാളം മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്ന് സംസാരിക്കുന്നത് ആദ്യത്തെ എക്‌സ്പീരിയന്‍സ് ആണ്. 2015 ല്‍ പ്രേമം ഇറങ്ങിയ ശേഷം ഞാന്‍ വളരെ ചുരുക്കം സിനിമകളെ ചെയ്തിട്ടുള്ളൂ. അതിനാല്‍ ഇങ്ങനെ അവസരം മുമ്പ് കിട്ടിയിട്ടില്ല. ഞാന്‍ വളരെ ചുരുക്കം സിനിമകള്‍ക്കാണ് കഥ കേട്ടയുടനെ യെസ് ഞാനിത് ചെയ്യുകയാണ് എന്ന് പറഞ്ഞിട്ടുള്ളൂ. അങ്ങനെ യെസ് പറഞ്ഞ കുറച്ചു സിനിമകളില്‍ ഒരു സിനിമയാണ് കാര്‍ത്തികേയ എന്ന് നടി പറയുന്നു.
'അഞ്ച് വയസ്സുള്ള കുട്ടി തൊട്ട് മുത്തശ്ശനോ മുത്തശ്ശിക്കോ വരെ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമ ആയിരിക്കും എന്നെനിക്ക് തോന്നി. അങ്ങനെ ഒരുപാട് ഇഷ്ടപ്പെട്ടാണ് ഈ സിനിമ തുടങ്ങിയത്. ലൈഫില്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിരിക്കുന്നത് ഈ സിനിമയുടെ ഷൂട്ടിന്റെ സമയത്താണ്'
'ഈ സിനിമയ്ക്ക് ലഭിച്ച സ്വീകരണം പ്രതീക്ഷിച്ചതിനും മുകളിലായിരുന്നു. തെലുങ്ക് ഡബ് ചെയ്ത സമയത്ത് തന്നെയാണ് മലയാളവും ഡബ് ചെയ്തത്. ഇവര്‍ എന്റെയടുത്ത് പ്രോമിസ് ചെയ്തിരുന്നു അന്ന് തന്നെ ഇറക്കാമെന്ന്. പക്ഷെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം അതിറക്കാന്‍ പറ്റിയില്ല. ഞാന്‍ സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്‌ക്രിപ്റ്റ് എന്നെയാണ് ചൂസ് ചെയ്തത്. തെലുങ്കില്‍ എന്റെ ആദ്യത്തെ സിനിമ അ അ ആണ്'
'അതെന്റെ ഒരു ചോയ്‌സ് ആയിരുന്നില്ല. കാരണം അതില്‍ ചെറിയ ഒരു കഥാപാത്രമാണ് ചെയ്തിരുന്നത്. കുറച്ച് മിനുട്ട് മാത്രമേ ഉള്ളൂ. പക്ഷെ എന്തുകൊണ്ടോ ആ കഥാപാത്രം ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടു. മലയാളത്തിലേക്ക് വരാന്‍ സമയമില്ലാത്തത് കൊണ്ടല്ല. ഞാന്‍ സ്‌ക്രിപ്റ്റുകള്‍ ചൂസ് ചെയ്യുന്നത് പോലെ എന്നെയും സ്‌ക്രിപ്റ്റ് ചൂസ് ചെയ്യേണ്ടേ. നല്ല സ്‌ക്രിപ്റ്റുകള്‍ എനിക്ക് അധികം വന്നിരുന്നില്ല'
'മലയാളത്തില്‍ കഥയ്ക്ക് പഞ്ഞമില്ല. നല്ല അടിപൊളി കഥകളാണ്. എന്റെയടുത്ത് വരുന്ന കഥകള്‍ കുറവായിരുന്നു. പിന്നെ ലോക്ഡൗണ്‍ കഴിഞ്ഞാണ് കുറച്ച് കൂടി നല്ല കഥകള്‍ കിട്ടിത്തുടങ്ങിയത്. പക്ഷെ തെലുങ്കില്‍ നേരത്തെയുള്ള കമ്മിറ്റ്‌മെന്റുകളുണ്ട്. അത് തീര്‍ത്ത് ഒരുപക്ഷെ ഈ വര്‍ഷം അവസാനം അല്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം മലയാളത്തില്‍ രണ്ട് പ്രൊജക്ട് തുടങ്ങാന്‍ സാധ്യതയുണ്ടെന്നും നടി പറഞ്ഞു.
മലയാളം സിനിമ തഴയുന്നത് പോലെ തോന്നിയിട്ടില്ല. പ്രേമം ഇറങ്ങിയ സമയത്താണെങ്കിലും എന്നെ ഒരുപാട് സ്‌നേഹിച്ചതാണ്. പക്ഷെ പ്രേമം സിനിമയില്‍ ഞാനധികം ഇല്ലായിരുന്നു''പിന്നെ എന്തിനാണ് ഇത്രയും വാര്‍ത്തയായത് എന്ന് ആള്‍ക്കാര്‍ ചോദിച്ചതില്‍ തെറ്റില്ല. ആ സമയത്ത് എനിക്ക് എങ്ങനെയാണ് ആള്‍ക്കാരോട് സംസാരിക്കേണ്ടത് എന്നൊന്നും അറിയില്ലായിരുന്നു. വളരെ പച്ചയായി സംസാരിക്കുന്ന ഇരിങ്ങാലക്കുട കുട്ടിയായിരുന്നു ഞാന്‍. അതില്‍ നിന്നും കുറേ മാറ്റം വന്നിട്ടുണ്ട് എന്നും താരം പറയുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായുള്ള പ്രണയ വാര്‍ത്തകളെക്കുറിച്ചും നടി പ്രതികരിച്ചു. ഞാനും ബുംറയും പരസ്പരം ഫോളോ ചെയ്യുന്നുണ്ട്. ഞാന്‍ ബുംറയെ ഫോളോ ചെയ്യുന്നതായിരുന്നില്ല, ബുംറ എന്നെ ഫോളോ ചെയ്യുന്നതായിരുന്നു പ്രശ്നം. അദ്ദേഹം വളരെ കുറച്ച് ആളുകളെ മാത്രമേ ഫോളോ ചെയ്യാറുള്ളൂ. ഒരിക്കലെപ്പോഴോ ഞങ്ങള്‍ ഒന്ന് സംസാരിച്ചിട്ടുമുണ്ട്, അത്രേയുള്ളൂ. ഞങ്ങള്‍ നേരിട്ട് കണ്ടിട്ട് പോലുമില്ല. ജസ്റ്റ് ഫ്രണ്ട്സായിരുന്നു.
ഷൂട്ടിങ്ങിന്റെ ആവശ്യത്തിനായി ഞാന്‍ ഒരിക്കല്‍ അഹമ്മദാബാദില്‍ പോയി. അഹമ്മദാബാദില്‍ ആ സമയത്ത് തന്നെയായിരുന്നു ബുംറയുടെ കല്യാണം. അനുപമ കല്യാണം കൂടാന്‍ പോയെന്ന് ആരെക്കെയോ എഴുതി. ചലനം ചലനം എന്ന ഉറുമിയിലെ പാട്ട് ഞാന്‍ റീല്‍സ് ചെയ്തിട്ടിരുന്നു. തെലുങ്ക് മീഡിയ വിചാരിച്ചത് ഞാന്‍ ഡിപ്രഷനടിച്ച് പാട്ട് പാടിയതാണെന്ന്. ബുംറ കല്യാണം കഴിച്ചത് കൊണ്ട് എന്തോ സങ്കടപ്പെട്ട് പാട്ട് പാടുന്നു എന്ന് പറഞ്ഞ് മീഡിയ അത് അങ്ങ് ഇട്ടു.
എനിക്ക് എന്റെ കാര്യം മാത്രമല്ല പ്രശ്നം. ഇന്ത്യയില്‍ എന്നെ അറിയാവുന്ന കുറച്ച് പേരെയുള്ളൂ. പക്ഷേ ലോകം മുഴുവന്‍ അറിയപ്പെടുന്ന താരമാണ് ബുംറ. അദ്ദേഹം കരിയറില്‍ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന സമയമാണ്. കോംപ്ലിക്കേഷന്‍സ് ഉണ്ടാക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നുവെന്നും അനുപമ പറഞ്ഞു.