തെന്നിന്ത്യയില്‍ തന്നെ ആവേശമായി മാറുകയാണ് ഫഹദ് ഫാസില്‍, മലയാളത്തിന് പുറമേ, തെലുങ്കിലും തമിഴിലും അടക്കം ഒന്നിനൊന്ന് മികച്ച പ്രകടനവുമായാണ് താരം ആരാധകരുടെ ഹൃദയം കവരുന്നത്. ഇപ്പോള്‍ തെന്നിന്ത്യയുടെ തന്നെ ഫാഫ ആയിരിക്കുകയാണ് താരം. ഇന്നലെ നടന്റെ 42ാം പിറന്നാള്‍ ആഘോഷമായിരുന്നു. നിരവധി വമ്പന്‍ സര്‍പ്രൈസുകളാണ് നടന്റെതായി ഒളിഞ്ഞിരിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഓരോ അപ്ഡേറ്റുകളും.
ഇതില്‍ മലയാളികള്‍ക്ക് ഏറെ പ്രതീക്ഷ നല്കുന്ന അപ്ഡേറ്റുകളിലൊന്നായിരുന്നു16 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകനാകുന്ന വിവരം. രഞ്ജി പണിക്കര്‍ തന്നെ രചന നിര്‍വഹിക്കുന്ന ചിത്രം ഗുഡ്വില് എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തിലാണ് നിര്‍മ്മാണം.
ഫഹദിന്റെ 41-ാം പിറന്നാള്‍ ദിനത്തില്‍ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചാണ് രഞ്ജിപണിക്കര്‍ പ്രഖ്യാപനം നടത്തിയത്. വന്താര നിര അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോക്ടര്‍ പശുപതി എന്ന ചിത്രത്തിന് രചന നിര്‍വഹിച്ചാണ് രഞ്ജി പണിക്കര്‍ സിനിമയിലേക്ക് എത്തുന്നത്.
സുരേഷ് ഗോപി നായകനായ തലസ്ഥാനം എന്ന ചിത്രത്തിലൂടെയാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനാകുന്നത്. സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്, മാഫിയ, കമ്മിഷണര്‍, ദ കിംഗ് എന്നീ ചിത്രങ്ങള്‍ ചരിത്ര വിജയം നേടി. ജോഷിയുടെ സംവിധാനത്തില്‍ രഞ്ജി പണിക്കര്‍ തിരക്കഥ എഴുതിയ പത്രം, ലേലം എന്നീ ചിത്രങ്ങള്‍ മെഗാഹിറ്റായിരുന്നു. 2005 ല്‍ ഭരത് ചന്ദ്രന് ഐ.പി.എസ് എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെയാണ് സംവിധായകനാകുന്നത്.
2008 ല്‍ മമ്മൂട്ടി നായകനായി രൗദ്രം എന്ന ചിത്രവും സംവിധാനം ചെയ്തു. നടന്, നിര്‍മ്മാതാവ് എന്നീ നിലകളിലും ശ്രദ്ധേയനാണ്. തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി ആദ്യമായി സംവിധാനം ചെയ്ത സ്ക്രീട്ട് എന്ന ചിത്രം ആണ് അവസാനമായി റിലീസ് ചെയ്തത്. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഭാവന പ്രധാന വേഷത്തിലെത്തുന്ന ഹണ്ട് എന്ന ചിത്രമാണ് രഞ്ജി പണിക്കരുടേതായി റിലീസിന് ഒരുങ്ങുന്നത്.
പിന്നാലെയെത്തിയത് വേട്ടയന് സിനിമയുടെ ലൊക്കേഷനില്‍ രജനികാന്തിന്റെയും അമിതാഭ് ബച്ചന്റെയും മദ്ധ്യത്തില്‍ നില്ക്കുന്ന ഫഹദ് ഫാസിലിന്റെ ചിത്രം പങ്കുവച്ച് നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ്. ഫഹദ് ഫാസിലിന് പിറന്നാള്‍ ആശംസ നേര്‍ന്നാണ് ചിത്രമാണ്.
ഇന്ത്യന്‍ സിനിമയുടെ രണ്ട് നെടുംതൂണുകളായ സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്, ഷഹെന്‍ഷാ അമിതാഭ് ബച്ചന് എന്നിവരോടൊപ്പം ബര്‍ത്ത് ഡേ ബോയ് ഫഹദ് ഫാസില്‍ എന്നാണ് ചിത്രം പങ്കുവച്ച് ലൈക പ്രൊഡക്ഷന്‍സ് കുറിച്ചത്.
യഥാര്‍ത്ഥ സംഭവവുമായി ബന്ധപ്പെട്ട വേട്ടയനില്‍ പൊലീസ് ഓഫീസറായാണ് രജനികാന്ത് എത്തുന്നത്. രസികനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഫഹദ് ഫാസില്‍. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ രജനികാന്തിന്റെ ഭാര്യ വേഷത്തില്‍ എത്തുന്നു.ദുഷാര വിജയന്, റിതിക സിംഗ് എന്നിവരാണ് മറ്റു നായികമാര്‍.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷം രജനികാന്തിനൊപ്പം അമിതാഭ് ബച്ചന് സ്ക്രീന്‍ പങ്കിടുന്ന ചിത്രം എന്ന നിലയിലാണ് വേട്ടയന് ചര്‍ച്ചയായത്. രജനികാന്തിന്റ 170 മാത്തെ ചിത്രമായ 'വേട്ടയന്' 'ജയ്ഭീം'ലൂടെ ശ്രദ്ധേയനായ ടി ജെ ജ്ഞാനവേലാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.
പുഷ്പ 2'വിലെ ഫഹദിന്റെ ലുക്കും പിറന്നാള്‍ ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.പുഷ്പ രണ്ടാം ഭാഗത്തിലെ ഭന്‍വര്‍ സിങ്ങ് ഷെഖാവത് എന്ന ക്രൂരനായ വില്ലന്‍ പൊലീസായി ഫഹദിന്റെ പ്രകടനം ഉറപ്പിക്കുന്നതാണ് പോസ്റ്റര്‍. ഒന്നാം ഭാഗത്ത് അവസാന ഭാഗത്ത് എത്തി ഏറെ പ്രശംസ നേടിയ ഫഹദിന്റെ പൊലീസ് റോള്‍ രണ്ടാം ഭാഗത്തില്‍ മുഴുനീള കഥാപാത്രമാണ് എന്നാണ് വിവരം. തോക്കേന്തി മാസ് ലുക്കില്‍ ഫഹദ് നില്ക്കുന്ന പോസ്റ്ററിന്റെ അകമ്പടിയോടെയാണ് പുഷ്പ 2 ടീം ഫഹദിന് പിറന്നാളാശംസ നേര്‍ന്നത്.
സമീപകാല ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ഹൈപ്പുള്ള വരാന്‍ പോകുന്ന ചിത്രങ്ങളില്‍ ഒന്നാണ് പുഷ്പ 2. 2021 ല്‍ പുറത്തെത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗം നേടിയ വന്‍ വിജയം തന്നെയാണ് അതിന് കാരണം. ആദ്യ ഭാഗത്തിന്റെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന പുഷ്പ 2വില്‍ അല്ലു അര്ജുന്, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.