ഇടവേള ബാബു നടി ഭാവനയെ ആക്ഷേപിച്ചു എന്ന വിവാദം സിനിമാലോകത്ത് കത്തിപ്പടരുകയാണ്. നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിന് പിന്നാലെ ഇടവേള ബാബുവിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് പാര്‍വ്വതി അമ്മ സംഘടനയില്‍ നിന്നും രാജിവച്ചിരുന്നു. ഇപ്പോഴിതാ തന്റെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നടന്‍ രംഗത്ത്. ഭാവനയെ കളിയാക്കിയിട്ടില്ല എന്നും അമ്മ നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ല എന്ന് അഭിമുഖത്തില്‍ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും ഇടവേള ബാബു പറഞ്ഞു.
ട്വന്റി 20 സിനിമയില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രം മരിക്കുകയാണ്. മരിച്ച ഒരാളെ രണ്ടാം ഭാഗത്തില്‍ എങ്ങനെ അഭിനയിപ്പിക്കും എന്നാണ് താന്‍ അഭിമുഖത്തിലെ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചതെന്നും ഇടവേള ബാബു പറഞ്ഞു. സംഘടനയിലെ അംഗമല്ലാത്ത ഭാവനയെ പുതിയ സിനിമയില്‍ അഭിനയിപ്പിക്കാന്‍ തടസമുണ്ടെന്നും ഇടവേള ബാബു പറഞ്ഞു.
ഇടവേള ബാബുവിന്റെ ആദ്യ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. നാണംകെട്ട പരാമര്‍ശമാണ് ഇടവേള ബാബു നടത്തിയത് എന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ പാര്‍വതി തുറന്ന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സംഘടനയില്‍ നിന്നും താന്‍ രാജി വെക്കുന്നതായും പാര്‍വതി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍വതിയെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.