Latest News

അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്; സുരേഷ് ഗോപിയെ കുറിച്ച്‌ കുറിപ്പുമായി സംവിധായകൻ ഷാജി കൈലാസ്

Malayalilife
 അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്; സുരേഷ് ഗോപിയെ കുറിച്ച്‌ കുറിപ്പുമായി സംവിധായകൻ  ഷാജി കൈലാസ്

ടനായും അവതാരകനായും രാഷ്ട്രീയക്കാരനായും ഒക്കെ മലയാളികള്‍ക്ക് പകരം വയ്ക്കാനാകാത്ത പേരാണ് സുരേഷ് ഗോപിയുടേത്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. നിലവിൽ താരം ഒരു രാജ്യസഭാ അംഗം കൂടിയാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു താരത്തിന് പിറന്നാൾ ദിനം. നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്ന് കൊണ്ട് എത്തിയതും. എന്നാൽ ഇപ്പോൾ നടൻ സുരേഷ്‌ഗോപിയെ കുറിച്ച് സംവിധായകൻ ഷാജി കൈലാസ് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സുരേഷ് ഗോപിയുടെ കുറിപ്പിലൂടെ...

1989ലാണ് ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് ന്യൂസ്. സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്ബോള്‍ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് സഞ്ചരിക്കാന്‍ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമാനിച്ചു.

പിന്നീട് 1991 ഇല്‍ തലസ്ഥാനം ആയി ഞങ്ങള്‍ വന്നപ്പോള്‍ ആ ചിത്രത്തെ ജനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാന്‍ ഭാവിയില്‍ ചെയ്യേണ്ട സിനിമകള്‍ എപ്രകാരം ഉള്ളതായിരിക്കണം എന്ന ദിശ കാണിച്ചു തന്നത് ഈ സിനിമയായിരുന്നു. പിന്നീട് കമ്മീഷണര്‍,ഏകലവ്യന്‍, മാഫിയ തുടങ്ങി ഞങ്ങള്‍ ഒരുമിച്ചു ചെയ്ത എല്ലാ സിനിമകളും ജനങ്ങള്‍ ഏറ്റെടുത്തു കൊണ്ടിരുന്നു. എന്റെ കരിയറിനെ ഇത്ര അധികം ഉയര്‍ത്തി കൊണ്ട് വന്ന ആ മനുഷ്യന്‍ തന്നെ എന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി പലപ്പോഴും ഉണ്ടായിരുന്നു എന്നതു കൗതുകകരമായ വസ്തുതയാണ്. അന്നത്തെ മുന്‍ നിര നായികയും പില്‍ക്കാലത്തു എന്റെ ജീവിത സഖിയുമായ ആനി ആദ്യമായി എന്റെ ചിത്രത്തില്‍ അഭിനയിക്കുമ്ബോള്‍ നായകന്‍ മറ്റാരുമായിരുന്നില്ല. ഞങ്ങളുടെ വിവാഹം നടന്നതും സുരേഷിന്റെ വീട്ടില്‍ വച്ചായിരുന്നു.

അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യന്‍ ആണ്.. സുരേഷിന്റെ കരിയറില്‍ ഒരുപാട് കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്.. പക്ഷെ അയാള്‍ എന്നും ആ പഴയ സുരേഷ് തന്നെയായിരുന്നു. കൊട്ടിഘോഷിക്കാതെ അയാള്‍ നിരന്തരം സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകള്‍ നിരവധിയാണ്. അതിന്റെ ഗുണഭോക്താക്കള്‍ അനവധി സാധാരണക്കാരാണ്. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തി ആക്ഷേപകങ്ങള്‍ക്കു പലരും മുതിര്‍ന്നപ്പോളും ഒരു ചിരിയോടെ ആണ് സുരേഷ് അതിനെ എതിരേറ്റത്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് അയാളുടേത്.

മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ സ്റ്റാര്‍ ഒരു പിടി ചിത്രങ്ങളുമായി വീണ്ടും ജനങ്ങളിലേക്ക് എത്തുകയാണ്.. അതെല്ലാം വന്‍ വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു. ഒപ്പം അദ്ദേഹവുമായി വീണ്ടും ഒരുമിക്കാനും മികച്ച ചിത്രങ്ങളുടെ ഭാഗമാകാനുമുള്ള അനുഗ്രഹം സര്‍വേശ്വരന്‍ തരട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ഹാപ്പി ബര്‍ത്ത് ഡേ സുരേഷ് ഗോപി..

Director shaji kailas words about suresh gopi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES