നടന് സുശാന്ത് സിങ് രാജ്പുത് മരണപ്പെട്ടതുമായി ബന്ധപ്പെട്ട ലഹരിമരുന്നുകേസില്‍ നടി ദീപിക പദുകോണിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. അഞ്ചര മണിക്കൂറോളമാണ് നടിയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്തത്. ദീപികയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നും വീണ്ടും വിളിപ്പിക്കുമെന്നും ആണ് റിപ്പോര്‍ട്ടുകള്‍.
ലഹരിമരുന്ന് ആവശ്യപ്പെട്ട് വാട്‌സ് ആപ്പില്‍ ചാറ്റ് നടത്തിയതായി നടി ദീപിക ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായിട്ടാണ് സൂചന. മാനേജര്‍ കരീഷ്മ പ്രകാശുമായി നടത്തിയ വാട്‌സ്ആപ്പ് ചാറ്റിലാണ് ദീപികയുടെ നിര്‍ണായക മൊഴിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ദീപികയും കരീഷ്മയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ കഴിഞ്ഞദിവസം എന്‍സിബി വീണ്ടെടുത്തിരുന്നു. കഞ്ചാവ് ആണെങ്കില്‍ വേണ്ട, ഹാഷിഷ് മതിയെന്ന് ദീപിക ആവശ്യപ്പെടുന്നത് വാട്‌സ് ആപ്പ് ചാറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്. 2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്‌സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റ് നടത്തിയത് ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലാണെന്നും അതിന്റെ അഡ്മിന് ദീപികയാണെന്നും ഉള്ള വിവരങ്ങള്‍ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് മുന്‍പായി ദീപികയും പിന്നാലെ മാനേജര്‍ കരിഷ്മ പ്രകാശും സൗത്ത് മുംബൈയിലെ നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫിസിലെത്തി. വെള്ളിയാഴ്ച നാലു മണിക്കൂര്‍ കരിഷ്മയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. മാരിജുവാന എത്തിച്ചെന്ന വാട്‌സാപ് ചാറ്റിന്റെ അടിസ്ഥാനത്തിലാണ് നടി രാകുല്‍ പ്രീത് സിങ്ങിനെയും കരിഷ്മയേയും കഴിഞ്ഞ ദിവസം ചോദ്യം ചെയ്തത്.
കരിഷ്മയുടെ മൊഴികളുമായി ചേര്‍ത്ത് ദീപികയുടെ ഉത്തരങ്ങള്‍ പരിശോധിച്ചു. മൊഴിയെടുപ്പ് പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചു. സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്തുക്കള്‍ കൂടിയായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും നടനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്. ശ്രദ്ധയും സാറയും സുശാന്തിന്റെ നായികമാരായും അഭിനയിച്ചിട്ടുള്ളവരാണ്.
ജൂണ്‍ 14ന് സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി മൂന്നു മാസങ്ങള്‍ക്കുശേഷം സുഹൃത്തും കാമുകിയുമായ നടി റിയ ചക്രവര്‍ത്തിയെ ചോദ്യം ചെയ്തിരുന്നു. ഇതില്‍നിന്നാണ് ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചും ഡീലര്‍മാരെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. മയക്കുമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി പിടിയിലായതിന് പിന്നാലെയാണ് ബോളിവുഡിലെ കൂടുതല്‍ താരങ്ങള്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇടപെടുന്നതും അന്വേഷണം വിപുലപ്പെടുത്തിയതും.