ക്യാൻസർ അതിജീവന പോരാട്ടത്തിന്റെ മാതൃകയായിരുന്ന നന്ദു മാഹാദേവയുടെ വിയോഗം സൈബർ ഇടത്തെ ശരിക്കും കണ്ണീരണിയുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പ്രമുഖരെല്ലാം നന്ദുവിനെ അനുസ്മരിച്ചു. ഇന്ന് രാവിലെ കോഴിക്കോട് എംവിആർ കാൻസർ സെന്ററിൽ വച്ചായിരുന്നു നന്ദുവിന്റെ അന്ത്യം.
തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദു അതി ജീവനം എന്ന കൂട്ടായ്മയുടെ മുഖ്യ സംഘാടകനായിരുന്നു നന്ദു. അവസാന ദിവസങ്ങളിൽ അർബുദം നന്ദുവിന്റെ ശ്വാസകോശത്തെയും പിടിമുറുക്കിയിരുന്നു. രോഗത്തെ ചിരിയോടെ നേരിട്ട് അർബുദ പോരാട്ടത്തിൽ നിരവധി പേർക്ക് പ്രചോദനമായാണ് നന്ദുവിന്റെ മടക്കം. ജീവിതത്തിന്റെ ഓരോ ഘട്ടവും നന്ദു സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. നിരവധി പേരാണ് നന്ദുവിനെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നത്.
ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റുപോകരുതെന്ന് മറ്റുള്ളവരോട് പറയുന്ന വ്യക്തികൂടിയായിരുന്നു നന്ദു വേദനകൾ ഇല്ലാത്ത ലോകത്തേക്കു എന്റെ നന്ദുട്ടൻ പോയി എന്നാണ് സുഹൃത്തും നടിയുമായ സീമ ജി നായർ നന്ദുവിനെ അനുസ്മരിച്ചത്. ഇവർ തമ്മിൽ വളരെ അടുത്ത ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്.
സീമാ ജി നായരുടെ കുറിപ്പ് ഇങ്ങനെ:
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി ..ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകതേക്കു എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത് എന്നാണ് സീമ ജി നായരുടെ കുറിപ്പ്.