മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി റിമ കല്ലിങ്കൽ. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ താരസംഘനയായ ‘അമ്മ’യില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടെങ്കില്‍ അത് ഡബ്ല്യൂസിസിയുടെ വിജയമായി കാണുന്നുവെന്ന് നടി റിമ കല്ലിങ്കല്‍ തുറന്ന് പറയുകയാണ്. ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് റിമ പ്രതികരിച്ചത്.
മൂന്നംഗ സമിതി റിപ്പോര്‍ട്ട് അനുസരിച്ച് ഹേമ കമ്മീഷന്‍ ശുപാര്‍ശയില്‍ നിയമ നിര്‍മ്മാണത്തിന് മുമ്പ് ഡബ്ല്യൂസിസിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു. അമ്മയില്‍ ഇന്റേണല്‍ കമ്മിറ്റി ഇതുവരെ ഉണ്ടായിരുന്നില്ല. അതുകൊണ്ടാണിപ്പോള്‍ ഈ പോരാട്ടം നടന്നു കൊണ്ടിരിക്കുന്നത്. അത് ഇപ്പോള്‍ ഉണ്ടെങ്കില്‍ അത് നല്ല കാര്യം. അത് ഞങ്ങളുടെ വിജയമായി കാണുന്നു. അമ്മയെ അഭിനന്ദിക്കുന്നു എന്ന് റിമ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര നിയമ നിര്‍മ്മാണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച.
ഡബ്ല്യൂസിസി അംഗങ്ങളായ റിമ കല്ലിങ്കല്‍, ആശ ആച്ചി ജോസഫ്, രഞ്ജിനി, ദിവ്യ ഗോപിനാഥ്, മിത എംസി, ജീവ കെ ജെ, സംഗീത ജനചന്ദ്രന്‍ എന്നിവര്‍ കൊച്ചി കുസാറ്റ് ഗസ്റ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. അതേസമയം വ്യാപകമായി തന്നെ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടാത്തതിനെതിരെ ഡബ്ല്യൂസിസി അംഗങ്ങളടക്കം പ്രതിഷേധിച്ചിരുന്നു.