മലയാള സിനിമയുടെ പ്രിയ താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും 2002 ലായിരുന്നു വിവാഹിതരായത്. കുടുംബത്തിന്റെയും , മക്കളുടെയും കാര്യങ്ങൾ എല്ലാം നോക്കി കഴിയുമ്പോഴും പൂർണിമ സജീവ സാന്നിധ്യമാണ്. കുറഞ്ഞ നാളുകൾ കൊണ്ട് തന്നെ പൂർണിമയുടെ പ്രാണ എന്ന പേരിലുള്ള വാസ്ത സ്ഥാപനം ശ്രദ്ധ നേടിയിരുന്നു. ഇതിനിടയിൽ പൂർണിമ വീണ്ടും സിനിമയിലേക്ക് തിരികെ എത്തുകയും ചെയ്‌തു. എത്രയൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ പൂർണിമ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാൽ ഇപോൾ ഒരു വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
കുട്ടികളോട് പറയാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ചുള്ള വിഡിയോയുമായി ഇന്ദ്രജിത്തും പൂർണിമ ഇന്ദ്രജിത്തും. സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പും യുനിസെഫ് ഇന്ത്യയും സംയുക്തമായാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.
വേണ്ടാട്ടോ... കുട്ടികളോട്പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുണ്ട്. ചെയ്യാൻ പാടില്ലാത്തതും. അതിൽ പലതും അവരെ മുറിപ്പെടുത്തിയേക്കാം. വിപരീതഫലം ഉണ്ടാക്കിയേക്കാം. എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങൾ? എന്നൊക്കെയാണ് പൂര്ണിമായും ഇന്ദ്രജിത്തും വിഡിയോയിലൂടെ തുറന്ന് പറയുന്നത്.
ഇരുവരുടെയും വാക്കുകളിലൂടെ ...
"ഞങ്ങള്‍ ചില വേണ്ടാതീനങ്ങളെ കുറിച്ച് പറയാന്‍ പോവ്വാ. കുട്ടികളോട് പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങള്‍. നീ കറുത്തതാ, മെലിഞ്ഞതാ, തടിയനാ, നിനക്ക് പൊക്കമില്ല തുടങ്ങിയ കാര്യങ്ങൾ തമാശക്ക് പോലും കുട്ടികളോട് പറയരുത്. അത് അവരുടെയുള്ളിൽ അപകർഷതാ ബോധവും ആത്മവിശ്വാസക്കുറവും വളർത്തും.
മറ്റ് ചില വേണ്ടാതീനങ്ങളുണ്ട്. ശാരീരിക പ്രത്യേകതകളെ കുറിക്കുന്ന ഉണ്ടക്കണ്ണി, കോന്ത്രപല്ലൻ തുടങ്ങിയ പ്രയോഗങ്ങള്‍. മണ്ടൻ, മണ്ടി, പൊട്ടൻ, പൊട്ടി തുടങ്ങിയ നെഗറ്റീവായ വിളിപ്പേരുകള്‍. അവൻ മിടുക്കനാ, അവളെ കണ്ടുപഠിക്ക്, നിന്നെകൊണ്ട് എന്തിനുകൊള്ളാം ഇതെല്ലാം പല മാതാപിതാക്കളുടെയും സ്ഥിരം പല്ലവിയാണ്. തൊട്ടതിനും പിടിച്ചതിനും വഴക്കുപറയുന്നതും നിസാര കാര്യത്തിന് ശകാരിക്കുന്നതും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. നിന്നെകൊണ്ടിത് പറ്റില്ല എന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്താതെ ഇതിലും നന്നായി ചെയ്യാൻ കഴിയും എന്നുപറഞ്ഞ് കൂടെ നിന്ന് പരിഹാരം കാണുകയാണ് വേണ്ടത്.
കുട്ടികളോട് കള്ളം പറയരുത്. കള്ളത്തരത്തിന് കൂടെകൂട്ടുകയും ചെയ്യരുത്. അങ്ങനെ ചെയ്താൽ പിന്നീട് കൂടുതല്‍ കള്ളങ്ങൾ ചെയ്യാൻ കുട്ടികൾക്ക് പ്രേരണയാകും. കുട്ടികളുടെ മുമ്പിൽ വെച്ച് വഴക്കിടരുത്. പ്രത്യേകിച്ച് മദ്യപാനത്തിന് ശേഷം. മോശം വാക്കുകൾ ഉപയോഗിക്കുകയും അരുത്.
കാര്യങ്ങൾ സാധിക്കാനായി ഭൂതം, പ്രേതം എന്നെല്ലാം പറഞ്ഞ് പേടിപ്പിച്ചാൽ ചില കുട്ടികളെയെങ്കിലും ആ പേടി ജീവിതകാലം മുഴുവൻ പിന്തുടരും. പെൺകുട്ടികളായാൽ അടക്കവും ഒതുക്കവും വേണം എന്ന ക്ലീഷേകൾ ഒഴിവാക്കണം. പെണ്ണായതുകൊണ്ടുതന്നെ ഇവിടെ അധികമായൊന്നും ശീലിക്കേണ്ടതില്ലെന്ന് കുട്ടികളെ പറഞ്ഞ് മനസിലാക്കണം. നീ ഒരു ആണല്ലേ, പല ആൺകുട്ടികളെയും നമ്മളിത് ഓർമപ്പെടുത്താറുണ്ട്. അത് അവരുടെ മെയിൽ ഈഗോയെ വളർത്താനേ ഉപകരിക്കൂ.
റോൾ മോഡൽസ് ആകണം അച്ഛനമ്മമാർ. ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യപ്രാധാന്യം കൊടുക്കുന്നതും ഉത്തരവാദിത്തങ്ങൾ തുല്യമായി പങ്കുവെച്ച് കൊടുക്കുന്നതും പരസ്പരം ബഹുമാനിക്കുന്നതും വീട്ടിൽനിന്നുതന്നെ തുടങ്ങണം. കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിച്ച് ഓരോ ചുവടിലും അവർക്ക് മാതൃകയായി അവരോടൊപ്പം നിന്ന് നമുക്ക് വളരാം, നന്നായി വളര്‍ത്താം.