പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറായാണ് താരത്തെ വിശേഷിപ്പിക്കാറുള്ളത്്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ മഞ്ജുവിന് മികച്ച വേഷങ്ങളായിരുന്നു ലഭിച്ചത്. സൗഹൃദത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നയാളാണ് മഞ്ജു വാര്യര്‍.
ജീവിതത്തില്‍ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. ഒന്നിച്ചുള്ള സൗഹൃദനിമിഷങ്ങളും യാത്രാവിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒന്നിച്ചുള്ള ഒരു പഴയ ഓര്മ പങ്കിടുകയാണ് പൂര്‍ണിമ.
ജോര്‍ജ് കിത്തു സംവിധാനം ചെയ്ത 'ഇന്നലെകളില്ലാതെ' എന്ന ചിത്രത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് പൂര്‍ണിമ പങ്കുവയ്ക്കുന്നത്. വാര്യരേ, നീയിതു കണ്ടാ? എന്നാണ് ചിത്രത്തിന് പൂര്‍ണിമ നല്കിയ രസകരമായ അടിക്കുറിപ്പ്. 1997ല്‍ റിലീസിനെത്തിയ ചിത്രമാണ് 'ഇന്നലെകളില്ലാതെ'. ചിത്രത്തില്‍ മഞ്ജുവിനും പൂര്‍ണിമയ്ക്കും ഒപ്പം ബിജു മേനോനും പ്രധാന കഥാപാത്രമായി എത്തിയിരുന്നു.
ഏകദേശം ഒരേസമയത്താണ് ഇരുവരും സിനിമയിലെത്തിയത്. നന്നെ ചെറുപ്പത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് കടന്നവരാണ് ഇരുവരും. ഇടയ്ക്ക് അഭിനയ രംഗത്തുനിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മഞ്ജുവും പൂര്‍ണിമയും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ ഇഴയടുപ്പമുണ്ട്. ജീവിതത്തില്‍ മാത്രമല്ല, കരിയറിലും പരസ്പരം പിന്തുണ നല്കുന്ന സുഹൃത്തുക്കളാണ് ഇവര്‍. പല അവസരങ്ങളിലും മഞ്ജുവിനായി പൂര്‍ണിമ ഡിസൈന്‍ ചെയ്ത ഡിസൈനര്‍ വസ്ത്രങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടിയിട്ടുണ്ട്.
മഞ്ജുവിന്റെയും പൂര്‍ണിമയുടെയും സൗഹൃദക്കൂട്ടില്‍ ഗീതു മോഹന്‍ദാസും സംയുക്ത വര്‍മ്മയും ഭാവനയും കൂടിയുണ്ട്. ഒന്നിച്ചു കൂടാനുള്ള അവസരങ്ങളൊന്നും ഈ ചങ്ങാതിമാര്‍ നഷ്ടപ്പെടുത്താറില്ല. പരസ്പരം കരുതലും സ്നേഹവും പകര്‍ന്ന് ഒന്നിച്ച് നടക്കുകയാണ് ഈ ചങ്ങാതി കൂട്ടം.