തമിഴകത്തെ സൂപ്പര്‍സ്റ്റാറാണ് രജനീകാന്ത്. മലയാളത്തിലും അദ്ദേഹത്തിന് ആയിരക്കണക്കിന് ആരാധകരുണ്ട്. അതിനാല്‍ തന്നെ രജനിയുടെ ചിത്രങ്ങള്‍ കേരളത്തിലെ തീയറ്ററുകളിലും തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണിനെ തുടര്‍ന്ന് സിനിമാഷൂട്ടിങ്ങെല്ലാം നിര്‍ത്തിവച്ച സാഹചര്യത്തില്‍ രജനീകാന്തും വീട്ടില്‍ തന്നെ വിശ്രമത്തിലാണ്. മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പമാണ് രജനി ലോക്ഡൗണ്‍ കാലം ചിലവിടുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള താരം ഇപ്പോള്‍ ഒരു വര്‍ഷം ഒരു സിനിമ എന്ന കണക്കിലാണ് അഭിനയിക്കുന്നത്. നടന്റെ സിനിമകള്‍ക്കായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കാറുള്ളത്.
നേരത്തെ ഇന്‍കം ടാക്‌സ് കേസുകളില്‍ അദ്ദേഹം കുടുങ്ങിയിരുന്നു. വരുമാനം കൃത്യമായി വെളിപ്പെടുത്തിയിട്ടില്ലെന്ന പേരിലാണ് ആദായനികുതി വകുപ്പ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. നടന്‍ പണം പലിശയ്ക്ക് നല്‍കാറുണ്ടെന്നും വെളിപ്പെടുത്തലെത്തിയിരുന്നു. ഈ കേസുകള്‍ ഈ വര്‍ഷം ആദ്യമാണ് അവസാനിച്ചത്. ഇപ്പോഴിതാ താരം വീണ്ടും കോടതിയിലെത്തിയിരിക്കയാണ്. രജനികാന്തിന് കോടമ്പക്കത്ത് സ്വന്തമായി ഒരു കല്യാണമണ്ഡപമുണ്ട്. എന്നാല്‍ ലോക്ഡൗണായതിനാല്‍ രജനിയുടെ രാഘവേന്ദ്ര മണ്ഡപം അടഞ്ഞുകിടക്കുകയാണ്. ഇപ്പോഴിതാ കല്യാണ മണ്ഡപത്തിന്റെ ലോക്ഡൗണ്‍ കാലത്തെ വസ്തു നികുതി ഒഴിവാക്കാന്‍ ഹര്‍ജി നല്‍കിയ സൂപ്പര്‍ താരം രജനീകാന്തിന് കോടതി കിടിലന്‍ മറുപടി നല്‍കിയിരിക്കയാണ്.
കോടമ്പാക്കത്തെ രാഘവേന്ദ്ര കല്യാണ മണ്ഡപത്തിനു മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള വസ്തു നികുതി കുടിശ്ശികയായി 6.5 ലക്ഷം രൂപ അടയ്ക്കണമെന്ന് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ നടന് നോട്ടിസയച്ചിരുന്നു. ഓരോ ആറുമാസം കൂടുമ്പോഴാണ് സ്വത്ത് നികുതി നോട്ടീസ് അയയ്ക്കുന്നത്. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള സ്വത്ത് നികുതി നോട്ടീസ് ആയിരുന്നു കഴിഞ്ഞദിവസം അയച്ചത്. ഇതിന് പിന്നാലെ കോര്‍പ്പറേഷനില്‍ നിവേദനവും താരം നല്‍കിയിരുന്നു. തൊട്ടുപിന്നാലെ കോര്‍പ്പറേഷനെതിരെ രജനി ഹൈക്കോടതിയിലെത്തുകയായിരുന്നു. കോവിഡ് മഹാമാരി ആയതിനാല്‍ കഴിഞ്ഞ ആറുമാസമായി കല്യാണമണ്ഡപം അടഞ്ഞുകിടക്കുകയാണെന്നും വരുമാനമില്ലെന്നും വ്യക്തമാക്കിയാണ് രജനികാന്ത് കോടതിയെ സമീപിച്ചത്. എന്നാല്‍ കടുത്ത ഭാഷയില്‍ രജനികാന്തിന് താക്കീത് നല്‍കുകയായിരുന്നു കോടതി.
താങ്കളുടെ നിവേദനം തീര്‍പ്പാക്കണമെന്നു കോര്‍പറേഷന്‍ അധികൃതരോട് നിര്‍ദേശിക്കുന്നതല്ലാതെ മറ്റു ജോലികളൊന്നും കോടതിക്കില്ല എന്നാണോ കരുതുന്നതെന്നു ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു. കോര്‍പറേഷന്‍ അധികൃതര്‍ക്കു ഹര്‍ജിക്കാരന്‍ നിവേദനം നല്‍കിയതു കഴിഞ്ഞ മാസം 23ന്. മറുപടിക്കു കാക്കാതെ തിരക്കിട്ടു കോടതിയിലേക്കു വന്നത് എന്തിനെന്ന ചോദ്യവും കോടതി ഉന്നയിച്ചു. ഇത്തരത്തിലുള്ള കേസുമായി എത്തി കോടതിയുടെ വിലപ്പെട്ട സമയം കളയരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. സ്വത്ത് നികുതിക്ക് സ്വത്തില്‍ നിന്നുള്ള വരുമാനവുമായി യാതൊരുവിധ ബന്ധമില്ലെന്നും ഇത്തരം കാര്യങ്ങള്‍ കോര്‍പ്പറേഷനുമായിട്ടാണ് സംസാരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ചെലവു സഹിതം പരാതി തള്ളുമെന്നു മുന്നറിയിപ്പ് നല്‍കിയതോടെ ഹര്‍ജി താരം തന്നെ പിന്‍വലിച്ചു.