കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ മലയാള സിനിമ മേഖലയിൽ ചുവട് വച്ച താരം കെപിഎസി ലളിതയുടെ ഓർമ്മയ്ക്ക് മുന്നിൽ ആദരാഞ്ജലികളുമായി നിരവധി താരങ്ങളാണ് ഇപ്പോൾ എത്തുന്നത്. അസുഖത്തെ തുടർന്ന് ചികിത്സ പുരോഗമിക്കുന്നതിനിടെ തൃപ്പൂണിത്തറയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. എന്നാൽ ഇപ്പോൾ താരത്തിന്റെ വിയോഗത്തിൽ നടൻ മോഹൻലാൽ സമൂഹമാധ്യമങ്ങളിലൂടെ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
മോഹൻലാൽ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്:
ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകന്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ ബന്ധുവായും നിറഞ്ഞുനിന്ന എന്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.
അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ. ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വയ്ക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.