സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാനായി ആവശ്യപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോൾ ഡബ്ല്യുസിസി മന്ത്രി തള്ളി രംഗത്തെത്തുകയും കത്ത് പുറത്ത് വിടുകയും ചെയ്തു. ഡബ്ല്യുസിസി നേരത്തെ തന്നെ റിപ്പോര്‍ട്ട് പുറത്ത് വിടണം എന്ന് തന്നെയാണ് തങ്ങളുടെ നിലപാടെന്ന് വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ ഈ സംഭവത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മഹേഷ്.
മഹേഷിന്റെ വാക്കുകള്‍ ഇങ്ങനെ:
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട അമ്മ സംഘടനയിലെയോ ഫെഫ്കയിലെയോ ആരും തന്നെ പൊതുസമൂഹത്തിന് മുന്നില്‍ വന്ന് ഇതുവരെ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല. അതൊരു അത്ഭുതം തന്നെയാണ്. സാധാരണക്കാരന്റെ നികുതിപ്പണം ആയ ഒരു കോടിയിലേറെ രൂപ ചിലവാക്കിയാണ് ഈ കമ്മിറ്റി രൂപീകരിച്ചത്. ആറ് മാസത്തില്‍ കൂടുതല്‍ സമയം എടുക്കരുത് എന്നാണ് റിപ്പോര്‍ട്ട് നല്‍കാന്‍.
എന്നാല്‍ ഹേമ കമ്മിറ്റി നിരവധി നാളുകളെടുത്ത് കാര്യങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ട് രണ്ട് വര്‍ഷമായി. റിപ്പോര്‍ട്ടിലെ ഉളളടക്കമാണ് പ്രശ്നമെങ്കില്‍ അത് കൊടുക്കേണ്ട. പക്ഷേ നിര്‍ദേശങ്ങള്‍ നടപ്പിലാക്കി തുടങ്ങിക്കൂടെ. അതിന് രണ്ട് വര്‍ഷം കാത്തിരിക്കേണ്ട കാര്യമുണ്ടോ. നിര്‍ദേശങ്ങള്‍ നടപ്പിലാക്കി സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ എന്തിനാണ് താമസിക്കുന്നത്. നേരത്തെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നുവെങ്കില്‍ വിജയ് ബാബുവിന്റേത് പോലുളള സംഭവങ്ങള്‍ നടക്കാതിരിക്കുമല്ലോ. റിപ്പോര്‍ട്ട് പുറത്ത് വിടരുത് എന്ന് ഒരിടത്തും ഡബ്ല്യൂസിസി പറഞ്ഞിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നത്. തന്റെ കാര്യങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ തയ്യാറാണ് എന്ന് വരെ ഡബ്ല്യൂസിസിയിലെ ഒരു പ്രധാനപ്പെട്ട അംഗം പറഞ്ഞിട്ടുണ്ട്.
ആരെയും ചളി വാരി തേക്കാനൊന്നും അല്ല. കുറ്റം ചെയ്തവരുണ്ടെങ്കില്‍ അഴിക്കുളളില്‍ പോകട്ടെ. നിര്‍ദേശങ്ങളെങ്കിലും നടപ്പിലാക്കണ്ടേ. രണ്ട് വര്‍ഷമായി എന്താണ് സര്‍ക്കാര്‍ ചെയ്ത് കൊണ്ടിരിക്കുന്നത്. കച്ചവട സിനിമയില്‍ ആണുങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ക്ക് വാണിജ്യപരമായി ഒപ്പമെത്താന്‍ സാധിക്കുന്നില്ലായിരിക്കാം. വലിയ ഹീറോ സിനിമകളില്‍ നായിക ആരാണ് എന്നതിനാകില്ല പ്രാധാന്യം.
പക്ഷേ ബാക്കിയുളള കാര്യങ്ങളുണ്ട്. സേഫ് ആയിട്ടുളള ഒരു തൊഴിലിടം വേണ്ടേ. സിനിമാ സെറ്റുകളില്‍ ഡ്രഗ്സ് ഉപയോഗം ഇപ്പോള്‍ എന്ത് ക്ലിയറായി. നിര്‍മ്മാതാക്കള്‍ അത്തരമൊരു തീരുമാനമെടുത്ത് പാലിക്കാന്‍ തുടങ്ങിയപ്പോള്‍ സിനിമയില്‍ ഡ്രഗ്സിന്റെ കാര്യങ്ങളൊക്കെ കുറഞ്ഞ് വന്നു. അത് പോലെ തന്നെയാണ് സ്ത്രീ സുരക്ഷയുടേയും കാര്യം. അതിന് വേണ്ടി രണ്ട് വര്‍ഷം കാത്തിരിക്കേണ്ട കാര്യമില്ലായിരുന്നു.