രാഷ്ട്രീയക്കാരനും ജനകീയനേതാവുമായ ഗുമ്മടി നര്‍സയ്യയുടെ ജീവചരിത്രം സിനിമയാകുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, കണ്‍സെപ്റ്റ് വീഡിയോ എന്നിവ പുറത്തു വിട്ടു. 'ഗുമ്മടി നര്‍സയ്യ' എന്ന പേരില്‍ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ജീവിതം വെള്ളിത്തിരയിലേക്ക് കൊണ്ടുവരുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് കന്നഡ സൂപ്പര്‍താരം ഡോക്ടര്‍ ശിവരാജ് കുമാറാണ്. നടനെന്ന നിലയിലും ശ്രദ്ധ നേടിയിട്ടുള്ള
പരമേശ്വര്‍ ഹിവ്രാലെ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണിത്. പ്രവല്ലിക ആര്‍ട്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ എന്‍. സുരേഷ് റെഡ്ഡി (എന്‍എസ്ആര്‍) ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അദ്ദേഹം ഈ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
1983 മുതല്‍ 1994 വരെയും 1999 മുതല്‍ 2009 വരെയും ഒന്നിലധികം തവണ യെല്ലാണ്ടു്വിലെ നിയമസഭാംഗമായി സേവനമനുഷ്ഠിച്ച നര്‍സയ്യ, സ്വതന്ത്രനായാണ് മത്സരിച്ചു വിജയിച്ചത്. സാധാരണക്കാരനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒരു യഥാര്‍ത്ഥ ജനായകന്‍ എന്ന നിലയില്‍ തന്റെ നിയോജകമണ്ഡലത്തിന്റെ സ്‌നേഹവും ബഹുമാനവും നേടി.
കണ്ണട ധരിച്ച്, ലളിതമായ വെളുത്ത കുര്‍ത്തയും പൈജാമയും, ഒപ്പം തോളില്‍ പൊതിഞ്ഞ ചുവന്ന സ്‌കാര്‍ഫും ധരിച്ച്, വിശാലമായ റോഡില്‍ ഒരു സൈക്കിളിനൊപ്പം നടക്കുന്ന ശിവരാജ് കുമാറിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്കില്‍ അവതരിപ്പിച്ചിരിക്കുന്നത്. പശ്ചാത്തലത്തില്‍ നിയമസഭയും കാണാം. ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്റെ പ്രതീകമായ അരിവാളും ചുറ്റികയും ഉള്‍ക്കൊള്ളുന്ന ഒരു ചുവന്ന പതാക സൈക്കിളില്‍ തൂങ്ങിക്കിടക്കുന്നു. ഇത് കഥാപാത്രത്തിന്റെ രാഷ്ട്രീയ ചായ്വിനെയും ആഖ്യാനത്തിന്റെ പ്രത്യയശാസ്ത്ര കേന്ദ്രത്തെയും വ്യക്തമായി സൂചിപ്പിക്കുന്നു. വിനയവും ശാന്തമായ ശക്തിയും പ്രകടിപ്പിച്ചുകൊണ്ട് ഗുമ്മടി നര്‍സയ്യയുടെ ആത്മാവിനെ ശിവരാജ് കുമാര്‍ അനായാസമായി ഉള്‍ക്കൊള്ളുന്നു.
ചിത്രത്തിന്റെ കണ്‍സെപ്റ്റ് വിഡീയോയിലും ഈ ലളിതമായ ഭാവത്തിലാണ് നായകനെ അവതരിപ്പിച്ചിരിക്കുന്നത്. അണികളുടെ ആരവങ്ങളില്ലാതെ നിയമസഭയിലേക്ക് എത്തുന്ന ഒരു സാധാരണക്കാരനായ നേതാവിനെയാണ് ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നത്. ഗുമ്മടി നര്‍സയ്യയുടെ ജീവിതത്തിന്റെ സത്യസന്ധവും മാന്യവും പ്രചോദനാത്മകവുമായ ചിത്രീകരണം ആണ് ഈ ചിത്രത്തിലൂടെ സംവിധായകന്‍ പരമേശ്വര്‍ ഹിവ്രാലെ ലക്ഷ്യമിടുന്നതെന്ന് വീഡിയോ സൂചിപ്പിക്കുന്നു.
ഈ പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചു. ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങും. സമഗ്രതയുടെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും കഥ പറയുന്ന ഈ ചിത്രം വെറുമൊരു രാഷ്ട്രീയ കഥയല്ല എന്നും, ഭാഷാപരവും സാംസ്‌കാരികവുമായ അതിരുകള്‍ മറികടക്കുന്ന ആഴമുള്ള ഒരു ഒരു മനുഷ്യനെ ആഘോഷിക്കുന്ന, അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ പാരമ്പര്യം വിശാലമായ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ഒരു ശ്രദ്ധാഞ്ജലി ആയിരിക്കുമെന്നും നിര്‍മ്മാതാക്കള്‍ വിശദീകരിച്ചു.
തിരക്കഥാകൃത്ത്, സംവിധായകന്‍-പരമേശ്വര്‍ ഹിവ്രാലെ, നിര്‍മ്മാതാവ്- എന്‍. സുരേഷ് റെഡ്ഡി (എന്‍എസ്ആര്‍), ബാനര്‍-പ്രവല്ലിക ആര്‍ട്‌സ് ക്രിയേഷന്‍സ്, ഛായാഗ്രഹണം -സതീഷ് മുത്യാല, എഡിറ്റര്‍-സത്യ ഗിഡുതൂരി, സംഗീത സംവിധായകന്‍-സുരേഷ് ബോബിലി,പിആര്‍ഒ-ശബരി.