മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടൻ ഇന്ദ്രൻസ്. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. ഏതു തരം കഥാപാത്രങ്ങളും ഇതെനിക്ക് വഴങ്ങുമെന്ന് ഇന്ദ്രൻസ് ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇപ്പോൾ മേപ്പടിയാനിലെ അഷ്റഫ് ഹാജിയായതിന് പിന്നിലെ കഥ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
'ഹോമിന്റെ ഷൂട്ടിങ്ങിനിടെയാണ് സംവിധായകൻ വിഷ്ണു മോഹൻ എന്നെ കാണാൻ വരുന്നത്. ഹോമിന്റെ സെറ്റിൽ വെച്ച് ഞങ്ങൾ സംസാരിച്ചു. ഉണ്ണി മുകുന്ദൻ നിർമിക്കുന്ന ചിത്രമാണെന്ന് അറിഞ്ഞപ്പോഴേ ഞാൻ സമ്മതം മൂളിയിരുന്നു. ഏത് കഥാപാത്രമാണ് ചെയ്യേണ്ടത് എന്നുപോലും അറിഞ്ഞില്ലെങ്കിലും സാരമില്ല ഞാൻ ചെയ്യാം എന്ന് പറഞ്ഞു.'
'എങ്കിലും എന്റെ കഥാപാത്രത്തെക്കുറിച്ച് അവർ വിവരിച്ചു. ഗ്രേ ഷേഡിലുള്ള കഥാപാത്രം ആണെന്ന് മനസ്സിലായപ്പോൾ ഒന്ന് മാറി ചെയ്യാൻ കിട്ടുന്ന അവസരമാണല്ലോ എന്നോർത്തു. അഭിനയസാധ്യതയുള്ള വേഷമാണെന്നറിഞ്ഞപ്പോൾ ആ കഥാപാത്രത്തോട് ഒരിഷ്ടം തോന്നി. ഉള്ളിലുള്ള ദുഷ്ടത്തരം ഒളിപ്പിച്ച് വെച്ച് അഭിനയിക്കേണ്ട കഥാപാത്രമായിരുന്നു. വളരെ സൂക്ഷ്മമായി അതിനെ സമീപിക്കണം. പല യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ കഥ എഴുതിയതെന്ന് ഡയറക്ടർ പറഞ്ഞിരുന്നു. ഞാൻ ചെയ്ത കഥാപാത്രത്തിന്റെ റഫറൻസൊക്കെ അദ്ദേഹം കൃത്യമായി തന്നിരുന്നു. ആളുടെ മാനറിസങ്ങളും ശൈലികളുമെല്ലാം അദ്ദേഹം കൃത്യമായി പറഞ്ഞ് തരും. അത് ഞാൻ ചെയ്തു. അതിനപ്പുറത്തേക്ക് ഞാനൊന്നും ചെയ്തിട്ടില്ലെന്ന് തന്നെ പറയാം. ആ കഥാപാത്രം വലിയ ഈശ്വര വിശ്വാസിയാണെന്നൊക്കെ പറഞ്ഞിരുന്നു. സംവിധായകൻ പറഞ്ഞുതന്ന കാര്യങ്ങൾ എന്റേതായ രീതിയിൽ അവതരിപ്പിച്ചു എന്നുമാത്രം.'
'സിനിമ ഇറങ്ങിയപ്പോൾ എന്റെ കുറേ കൂട്ടുകാർ വിളിച്ചു. ഭയങ്കര ദേഷ്യം തോന്നി എന്നാണ് അവർ ആദ്യം പറഞ്ഞത്. ഭയങ്കര ദുഷ്ടനായിപ്പോയല്ലോ എന്നൊക്കെ പറഞ്ഞു. എന്തായാലും അവർക്ക് ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടു. ചിലർക്ക് ഞാൻ അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ചെറിയൊരു ഞെട്ടലുണ്ടായെന്ന് പറഞ്ഞു. എന്റെ കുടുംബവും സിനിമ കണ്ടിരുന്നു. അവർ അത് കാണാൻ പോകുന്നതിന് മുമ്പ് ഞാൻ ആ കഥാപാത്രത്തെക്കുറിച്ച് ചെറിയൊരു വിവരണം നൽകിയിരുന്നു. പുറമേയ്ക്ക് സാത്വികനായി തോന്നുമെങ്കിലും ആള് ഉള്ളിൽ പണത്തോട് വലിയ കൊതിയുള്ളവനാണ് എന്ന്. ആ ധാരണയോടെ തന്നെയാണ് അവർ സിനിമ കണ്ടത്. എന്നാൽ പ്രതീക്ഷച്ചതിനേക്കാൾ റേഞ്ച് ഉണ്ടായിരുന്നെന്ന് സിനിമ കണ്ടതിനുശേഷം അവർ പറഞ്ഞു. പല തരത്തിലുള്ള വിമർശനങ്ങൾ സിനിമയ്ക്കെതിരെ വരുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഞാനൊരു അഭിനേതാവാണ്. ലഭിക്കുന്ന കഥാപാത്രം നല്ല രീതിയിൽ അവതരിപ്പിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. സദ്ഗുണനായ കഥാപാത്രത്തെ മാത്രമേ അവതരിപ്പിക്കൂ എന്നൊന്നും എനിക്കില്ല. മാറി മാറി അഭിനയിക്കാൻ പറ്റുന്ന കഥാപാത്രങ്ങൾ വരുന്നത് ഇഷ്ടമാണ്' ഇന്ദ്രൻസ് പറയുന്നു.