മലയാള സിനിമയിലെ സുന്ദരനായ വില്ലനാണ് ദേവന്‍. നായകനായും സ്വഭാവവേഷങ്ങളിലും എത്തിയെങ്കിലും വില്ലനായിട്ടാണ് ദേവനെ മലയാളികള്‍ക്ക് ഇഷ്ടം. അടുത്തിടെയാണ് തന്റെ രാഷ്ട്രീയമെന്താണെന്ന് ദേവന്‍ വ്യക്തമാക്കിയത്. 1983ല്‍ നാദം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ദേവന്‍ തുടര്‍ന്ന് മൂന്നുറോളം സിനിമകളിലാണ് ഇതിനോടകം തന്നെ അഭിനയിച്ചു കഴിഞ്ഞത്. എന്നാൽ ഇപ്പോൾ താരമാകട്ടെ ആദ്യമായി ചെയ്ത വില്ലന്‍ വേഷത്തെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്.
ദേവന്‍ വില്ലന്‍ വേഷത്തിൽ ആദ്യം എത്തിയത് മോഹന്‍ലാല്‍-ഹരിഹരന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ അമൃതംഗമയയിലാണ്. ഹരിഹരന്‍ സാറിന്റെ അമൃതംഗമയയിലേക്ക് വിളിക്കുമ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് ഈ മുഖം വെച്ചിട്ട് സാര്‍ എന്നെ എങ്ങനെ വില്ലനാക്കും എന്നതായിരുന്നു എന്ന് ദേവന്‍ പറയുന്നു. അന്ന് ഹരിഹരന്‍ സാര്‍ പറഞ്ഞത് നിങ്ങളുടെ രൂപത്തിലല്ല വില്ലനിസം വേണ്ടത്. നിങ്ങളുടെ അഭിനയത്തില്‍ നിന്നാകണം എന്നാണ്.
ഹരിഹരന്‍ സാറിന്റെ ആ വാചകം എനിക്ക് അതിലെ വില്ലന്‍ വേഷം ചെയ്യാന്‍ ആവേശം നല്‍കി. സിനിമയും എന്റെ വേഷവും ശ്രദ്ധിക്കപ്പെട്ടു. എംടി സാറിന്‌റെ രചനയില്‍ തന്നെ ആദ്യമായി എനിക്ക് വില്ലന്‍ വേഷം ചെയ്യാന്‍ സാധിച്ചു. രഘു എന്നായിരുന്നു എന്റെ കഥാപാത്രത്തിന്‌റെ പേര്. മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന ഒരുകഥാപാത്രമായിരുന്നു അമൃതംഗമയ എന്ന ചിത്രത്തിലെ വേഷം എന്നും താരം തുറന്ന് പറയുകയാണ്.