മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനും സംവിധായകനുമാണ് ബാലചന്ദ്ര മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്താൻ താരത്തിന് സാധിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ കലിക എന്ന ചിത്രത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്രമേനോന്‍. അദ്ദേഹം മനസ് തുറന്നത് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്. ചില വ്യക്തികളുടെ ഇടപെടല്‍ മൂലം താനും ചിത്രത്തിന്റെ നിര്‍മ്മാതാവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ പോസ്റ്ററുകളില്‍ തന്റെ പേരു പോലും ഇല്ലായിരുന്നുവെന്നും താരം വെളിപ്പെടുത്തുന്നു.
ബാലചന്ദ്ര മേനോന്റെ വാക്കുകളിലേക്ക്
ഇന്നേക്ക് 41 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ ദിവസം (12 6 1980 ) ഞാന്‍ നിങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ച സിനിമയാണ് കലിക എന്നറിയാമല്ലോ. എന്തു കൊണ്ടും പ്രത്യേകമായ പരാമര്‍ശം അര്‍ഹിക്കുന്ന ഒരു സംരംഭമായിരുന്നു അത് . എന്റെ ഇന്നിതു വരെയുള്ള ചലച്ചിത്ര ജീവിതത്തില്‍ ഞാന്‍ മറ്റൊരാളിന്റെ ഒരു നോവലിനെ അവലംബമാക്കി തീര്‍ത്ത ഏക സിനിമ കലികയാണ്.
ഷീല എന്ന അഭിനേത്രി നായികയായ എന്റെ ഏക സിനിമയും കലിക തന്നെ. എന്നാല്‍, തുറന്നു പറയട്ടെ എന്നെ ഏറ്റവും വേദനിപ്പിച്ച സിനിമയും കലിക തന്നെ. മോഹനചന്ദ്രന്റെ പ്രസിദ്ധമായ നോവല്‍ സിനിമയാക്കാമെന്നുള്ള നിര്‍ദ്ദേശം വന്നത് നിര്‍മ്മാതാക്കളുടെ ഭാഗത്തു നിന്നായിരുന്നു. വായന കഴിഞ്ഞപ്പോള്‍ ഒന്നെനിക്കു ബോധ്യമായി . ഇതെന്റെ രുചിക്ക് ചേര്‍ന്നതല്ല. മന്ത്രവും തന്ത്രവും ഒക്കെ നോവലില്‍ കാട്ടിയതു പോലെ കാണിച്ചാല്‍ പണി പാളും എന്നെനിക്കുറപ്പായി. എന്നാല്‍ ജനത്തെ ആകര്‍ഷിക്കാനുള്ള ചേരുവകള്‍ മോഹന്‍ചന്ദ്രന്റെ , ഷീല അവതരിപ്പിച്ച കലിക എന്ന കഥാപാത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് ഞാന്‍ മനസ്സിലാക്കി. സിംഗപ്പൂര്‍ ഹൈകമ്മീഷണര്‍ ആയിരുന്ന അദ്ദേഹം കഥാചര്‍ച്ചക്കായി തിരുവനന്തപുരത്തെത്തി. ആ ചര്‍ച്ച കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തമ്മില്‍ ഒരു ഗാഢമായ സൗഹൃദം ഉടലെടുത്തു.
എന്റെ ഈ നോവലില്‍ സിനിമക്കാവശ്യമായ എന്ത് മാറ്റവും ബാലന് വരുത്താം എന്ന് രേഖാ മൂലം അദ്ദേഹം സമ്മതിച്ചതോടെ കലിക എന്ന സിനിമ പിറക്കുകയായി. കലിക എന്ന പേരുള്ള ഒരു ദുര്‍മന്ത്രവാദിനിയെ കീഴ്‌പ്പെടുത്താനെത്തുന്ന ഒരു പുരുഷ സംഘത്തിന്റെ അന്വേഷണന്മാകമായ ഒരു കഥാകഥനമായി അത് മാറി ..നോവലിലെ നായകന്‍ വേണുനാഗവള്ളി അവതരിപ്പിച്ച സദന്‍ ആണെങ്കില്‍ സിനിമാതിരക്കഥയില്‍ ഞാന്‍ സുകുമാരനിലൂടെ ജോസഫ് എന്ന പ്രതിനായകനെ നായകനായി അവരോധിച്ചു .അതാണ് ചിത്രത്തെ സൂപ്പര്‍ ഹിറ്റ് ആക്കി മാറ്റിയത് .
ചില വ്യക്തികളുടെ ദുഷിച്ച ഇടപെടലുകള്‍ കാരണം ചിത്രീകരണം പൂര്‍ത്തിയായതോടെ എനിക്കും നിര്‍മ്മാതാവിനുമിടയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി. ചിത്രം റിലീസ് ആയപ്പോള്‍ എനിക്കെതിരെയുള്ള പാളയത്തില്‍ നിന്ന് കൊണ്ട് അവര്‍ ആവുന്നത്ര പൊരുതി. ഈ പോസ്റ്റിനൊപ്പം കാണുന്ന പരസ്യങ്ങളില്‍ ഒന്നിലും എന്നെ നിലംപരിശാക്കാന്‍ സംവിധായകനായ എന്റെ പേര്‍ അവര്‍ സൂചിപ്പിച്ചില്ല . ഒരു പക്ഷേ സംവിധായകന്റെ പേര്‍ ഒഴിവാക്കി റിലീസ് ചെയ്ത ആദ്യ മലയാള സിനിമ എന്ന അപൂര്‍വ്വമായ ഖ്യാതിയും കലികക്ക് തന്നെയാവാം .filmy FRIDAYS കൂട്ടായ്മയില്‍ പലരും ചോദിച്ചിട്ടുണ്ട് എന്താണ് കലിക യുടെ പോസ്റ്ററില്‍ സാറിന്റെ പേരു കാണാഞ്ഞത് എന്ന്. മൂന്നാമത്തെ ചിത്രമായ കലികക്ക് ശേഷം ഞാന്‍ പിന്നെ 34 ചിത്രങ്ങള്‍ കൂടി ചെയ്തു എന്ന് പറയുമ്‌ബോള്‍ നിങ്ങള്‍ പ്രേക്ഷരുടെ പിന്തുണക്കു മുന്നില്‍ മറ്റെല്ലാ അധമ ശ്രമങ്ങളും വ്യര്‍ത്ഥമായി എന്ന് തെളിയിക്കാന്‍ എനിക്ക് അവസരം കിട്ടുകയായിരുന്നു .
വളരാന്‍ വെമ്ബുന്ന ഒരു യുവ സംവിധായകനും അന്ന് മലയാള സിനിമയുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു സിനിമാവാരികയുമായുള്ള ഒരു തുറന്ന യുദ്ധത്തിനാണ് കലിക തുടക്കമിട്ടത് . അതിന്റെ ആദിമധ്യാന്തമുള്ള പിന്നാമ്ബുറ കഥകള്‍ അധികം വൈകാതെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന filmy FRIDAYS SEASON 3 ല്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.. ഈ രംഗത്തു വരാന്‍ ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് എന്റെ കലിക അനുഭവങ്ങള്‍ ഒരു നല്ല മാര്‍ഗ്ഗദര്‍ശ്ശനമായിരിക്കും.