ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് മുമ്പ് ബോജ്പുരി നടി ആകാംക്ഷാ ദുബേ ഇന്‍സ്റ്റാഗ്രാം ലൈവില്‍ പൊട്ടിക്കരഞ്ഞു. ഒരു സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായി താമസിച്ചിരുന്ന വാരണാസിയിലെ ഹോട്ടല്‍ മുറിയിലാണ് ആകാംക്ഷാ ദുബെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആകാംക്ഷാ ജീവനൊടുക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, നടി ഇന്‍സ്റ്റാഗ്രാം ലൈവില്‍ വന്ന് മുഖംപൊത്തി കരഞ്ഞത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു.
'നായക്' എന്ന പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആകാംക്ഷ. വാരണാസിയിലെ സാരാനാഥിലെ ഹോട്ടല്‍ സോമേന്ദ്രയിലാണ് നടി മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും ആകാക്ഷാ മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നുകയും സിനിമാ സംഘത്തെ അറിയിക്കുകയായിരുന്നു. യൂണിറ്റിലെ ആളുകളും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് വാതില്‍ തുറന്നപ്പോള്‍ അകാംക്ഷ ദുബെയെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സാരാനാഥ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു, സിനിമയുടെ യൂണിറ്റുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ആകാംക്ഷ ദുബെയുടെ കുടുംബാംഗങ്ങളെയും വിവരം അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം ആകാംക്ഷ പങ്കുവച്ചിരുന്നു. സഹതാരമായ സമര്‍ സിംഗിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്. ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിരുന്നു. എന്നല്‍ സമറിന്റെ മൊബൈല്‍ ഫോണ്‍ രാവിലെ മുതല്‍ സ്വിച്ച്ഡ് ഓഫിലാണെന്നാണ് വിവരം.
17ാം വയസില്‍ മേരി ജംഗ് മേരാ ഫേസ്‌ളാ എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയില്‍ എത്തിയത്. 2018ല്‍ വിഷാദരോഗം മൂലം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അടുത്തിടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. മുജ്‌സേ ഷാദി കരോഗി, വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിംഗ്, കസം പയ്ദാ കര്‍നാ കി തുടങ്ങിയവയാണ് ആകാംക്ഷ വേഷമിട്ട പ്രധാന ചിത്രങ്ങള്‍