മലയാള സിനിമയില്‍ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒരു അഭിനേതാവായി മാറിയിരിക്കുകയാണ് അജു വര്‍ഗീസ്. മലയാളത്തില്‍ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും അജുവിന്റെ സാന്നിധ്യമുണ്ടാകും. ബോഡി ലാങ്ങ്യോജ് കൊണ്ട് തന്നെ പ്രേക്ഷകരെ ചിരിപ്പിക്കുന്ന അഭിനേതാവ്. എന്നാല്‍ അടുത്തിടെ 'കമല' എന്ന സിനിമയിലൂടെ അദ്ദേഹം നായകനായി എത്തിയിരുന്നു. ഇന്‍സ്റ്റയില്‍ ഏറെ സജീവമായുള്ള അജു തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. എന്നൽ ഇപ്പോൾ ഭക്ഷണത്തിനോടുള്ള കാഴ്ചപ്പാടിനെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് താരം.
ആഹാര പ്രിയനാണോ എന്നുള്ള ചോദ്യത്തിനായിരുന്നു അജുവിന്റെ പ്രതികരണം. കണ്ടാൽ അങ്ങനെ തോന്നുമല്ലേ... പക്ഷേ, ഞാനൊരു ഹാർഡ്കോർ ഫൂഡിയല്ല. ചോറും ഒരു ചാറുകറിയും ഒരു തോരനും ഉണ്ടെങ്കിൽ ഞാൻ ഹാപ്പിയായി. അതല്ലാതെ പത്തുകൂട്ടം കറി വേണമെന്നോ ചിക്കനും മീനും വേണമെന്നോ ഒരു നിർബന്ധവുമില്ല. ആകെയുള്ള ആഗ്രഹം കിട്ടുന്ന ഭക്ഷണം നല്ല ഫ്രഷ് ആയിരിക്കണം.
സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്നതും ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നതും ഭക്ഷണമാണ്. ഭക്ഷണത്തിൽ ‘ഉടായിപ്പ്' തോന്നിയാൽ എനിക്ക് ദേഷ്യം വരും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിൽ ഏറ്റവും അമൂല്യമായ കാര്യമാണ് ഭക്ഷണം. എല്ലാവരും എല്ലുമുറിയെ പണിയെടുക്കുന്നത് ആ ഒരു പൊതി ഭക്ഷണത്തിന് വേണ്ടിയല്ലേ.
വീട്ടിൽ പാചകം ചെയ്യാറില്ല. ആദ്യമായി ഏറെ നേരം അടുക്കളയിൽ ചെലവഴിച്ചതു പോലും സിനിമയുടെ ഷൂട്ടിങ് സമയത്താണ്. ഫ്രീ ടൈമിൽ കുക്കിങ് ചെയ്തേക്കാം എന്നൊന്നും പ്ലാൻ ചെയ്യുന്ന ഒരാളല്ല ഞാൻ. പിന്നെ, വേറൊരു കാര്യമുണ്ട്. കുക്കിങ്ങിൽ ഒന്ന് കൈ വച്ചു നോക്കാം എന്നൊക്കെ കരുതി ബെഡ്റൂമിൽ നിന്നുമിറങ്ങി അടുക്കളയിലെത്തുമ്പോഴേക്കും എന്റെ മൂഡ് പോകും. എങ്കിൽ പിന്നെ ചെയ്യാമെന്ന് കരുതി തിരിച്ച് പോരും. ഇതാണ് സ്ഥിരം സംഭവിക്കുന്ന കാര്യം.
ഭാവിയിൽ ഒരു ഹോട്ടൽ തുടങ്ങാൻ ചാൻസ് ഉണ്ട്. പക്ഷേ, നമ്മൾ ഏതു ബിസിനസ് തുടങ്ങുമ്പോഴും അതിന്റെ എല്ലാ കാര്യങ്ങളിലും നമ്മുടെ തന്നെ മേൽനോട്ടം വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തിൽ. തുടങ്ങുകയാണെങ്കിൽ ഏറ്റവും ബെസ്റ്റ് എന്നതു മാത്രമാണ് ഓപ്ഷൻ. ഈ തിരക്കൊക്കെ ഒന്ന് മാറട്ടെ എന്നും നടൻ പറയുന്നു.