ആടുജീവിതം സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ കുടുങ്ങിയ സിനിമാ സംഘത്തെ ഉടന്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. സംഘത്തോട് ജോര്‍ദാനില്‍ തന്നെ തുടരാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിരവധി സാധാരണക്കാര്‍ ഇത്തരത്തില്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ കുടുങ്ങി കിടക്കുന്നുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകരെ മാത്രം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് തെറ്റായ നടപടിയായിരിക്കുമെന്നും മുരളീധരന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെ ഉടന്‍ നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൃഥ്വിരാജും ഫെയ്സ് ബുക്കിലൂടെ അറിയിച്ചു.
പൃഥ്വിരാജിന്റെ പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെയാണ്. 24ന് ഷൂട്ടിങ് നിര്‍ത്തി വച്ചു. എന്നാല്‍ പിന്നീട് തുടരാനും അധികൃതര്‍ സമ്മതിച്ചു. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയപ്പോള്‍ വീണ്ടും ഷൂട്ടിങ് നിലച്ചു. ഏപ്രില്‍ രണ്ടാം വാരം വരെ ഇവിടെ തുടരാനായിരുന്നു മുന്‍ തീരുമാനം. താമസവും ഭക്ഷണവും എല്ലാം തല്‍കാലം പ്രശ്നമില്ലാതെ പോകും. എന്നാല്‍ അതിന് ശേഷം എന്താകുമെന്ന് അറിയില്ല. ഗ്രൂപ്പിനൊപ്പം ഒരു ഡോക്ടറുണ്ട്. ഇദ്ദേഹം 72 മണിക്കൂര്‍ ഇടവിട്ട് എല്ലാ ടീം അംഗങ്ങളേയും പരിശോധിക്കുന്നുണ്ട്. സര്‍ക്കാര്‍ നിയമിച്ച ജോര്‍ദ്ദാനിലെ ഡോക്ടറും പരിശോധിക്കുന്നുണ്ട്.
ആഗോള തലത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് നന്നായി അറിയാം. ഈ സമയം സുരക്ഷിതരായി നാട്ടിലെത്തുകയെന്നത് ആഗ്രഹിക്കുന്നില്ല. എന്നാല്‍ എന്താണ് സംഭവിക്കുന്നതെന്ന് ഏവരേയും അറിയിക്കുകയാണ്. ആയിരക്കണക്കിന് ഇന്ത്യാക്കാര്‍ ലോകത്തിന്റെ പല ഭാഗത്തും നാട്ടിലേക്ക് വരാനാകാതെ കുടുങ്ങി കിടപ്പുണ്ട്. അതുകൊണ്ട് ശരിയായ സമയത്ത് ഞങ്ങളും ഇന്ത്യയില്‍ തിരിച്ചെത്തും. ജീവിതം എത്രയും വേഗം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയും പ്രാര്‍ത്ഥനയുമാണ് ഉള്ളത്. അതുവരെ എല്ലാവരും സുരക്ഷിതരായി ഇരിക്കുക-ഇതാണ് പൃഥ്വിരാജിന്റെ പോസ്റ്റ്.
പൃഥ്വിരാജും സംവിധായകന്‍ ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനില്‍ കര്‍ഫ്യുവില്‍ കുടുങ്ങിയത്. അടിയന്തര സഹായം അഭ്യര്‍ത്ഥിച്ച് ബ്ലെസി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കത്തയച്ചു. സംഭവത്തില്‍ ഇടപെടണമെന്ന് ഫിലിം ചേമ്പറും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രി മുരളീധരന്‍ പ്രതികരണവുമായി എത്തിയത്. ആട് ജീവിതം സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും വിമാന സര്‍വീസ് നിര്‍ത്തിവയ്ക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ഇന്ത്യയിലേക്ക് തങ്ങളെ തിരിച്ചെത്തിക്കല്‍ സാധ്യമല്ലെങ്കില്‍ ജോര്‍ദാനിലെ തന്നെ സുരക്ഷിത മേഖലയിലേക്ക് മാറ്റണമെന്നാണ് ബ്ലെസിയുടെ കത്തിലെ പ്രധാന ആവശ്യം.
വാദി റും എന്ന സംരക്ഷിത മരുഭൂമി മേഖലയിലാണ് ചിത്രീകരണം നടന്നിരുന്നത്. രണ്ടാഴ്ച മുന്‍പ് ഈ സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ ഒമാന്‍ നടന്‍ ഡോ. താലിബ് അല്‍ ബലൂഷിയെ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഹോട്ടലില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും ചിത്രീകരണം പുരോഗമിക്കുന്നുണ്ടെന്നും അന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അന്ന് ഷൂട്ടിങ് നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് ജോര്‍ദ്ദാനും നിയന്ത്രണം കടുപ്പിച്ചു. ഇന്ത്യയിലേക്ക് വിമാന യാത്രാ വിലക്കും ഉണ്ട്. ഇതെല്ലാമാണ് പൃഥ്വിരാജിനേയും സംഘത്തേയും വലച്ചത്.