നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍- ഷാജി കൈലാസ് ടീം ഒരുമിക്കുന്ന എലോണിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, സിദ്ദിഖ് എന്നിവരുടെ കഥാപാത്രങ്ങളുമായി മോഹന്‍ലാലിന്റെ കഥാപാത്രം സംസാരിക്കുന്നതാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ, അതേസമയം ഏറെ കൌതുകം പകരുന്ന രീതിയില്‍ തയ്യാറാക്കപ്പെട്ടിരിക്കുന്ന ടീസര്‍ ആണിത്. 1.25 മിനിറ്റ് ആണ് ദൈര്‍ഘ്യം.
പേര് സൂചിപ്പിക്കുംപോലെ കഥാപാത്രമായി മോഹന്‍ലാല്‍ മാത്രം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ടീസറില്‍ ശബ്ദ സാന്നിധ്യങ്ങളായി പൃഥ്വിരാജും സിദ്ദിഖുമൊക്കെ എത്തുന്നുണ്ട്. ആരാണെന്ന ചോദ്യത്തിന് യുണൈറ്റഡ് നേഷന്‍സില്‍ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രം മറുപടി പറയുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് എലോണിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'നരസിംഹ'മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസി'നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രമാണ് ഇത്.
മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്. രാജേഷ് ജയരാമന്‍ തിരക്കഥയെഴുതിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.