പതിനാലാം വയസ്സില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമീര്‍ ഖാന്റെ മകള്‍ ഐറ ഖാന്‍. സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ഇരുപത്തിമൂന്നുകാരിയായ ഐറയുടെ വെളിപ്പെടുത്തല്‍. ഈ സംഭവമാണ് തന്നെ കഴിഞ്ഞ നാലു വര്‍ഷമായി കടുത്ത വിഷാദ രോഗിയാക്കിയതെന്നും ഐറ പറയുന്നു.'14 വയസ്സുള്ളപ്പോള്‍ ഞാന്‍ ലൈംഗികാതിക്രമത്തിന് ഇരയായി. അല്‍പം വിചിത്രമായ സാഹചര്യമായിരുന്നു അത്. ആ വ്യക്തിക്ക് അയാള്‍ എന്താണ് ചെയ്തിരുന്നതെന്ന് അവരറിഞ്ഞിരുന്നോ എന്ന് എനിക്ക് വ്യക്തമായിരുന്നില്ല. അത് എല്ലാ ദിവസവും സംഭവിക്കുന്ന ഒരു കാര്യമായിരുന്നില്ല.' ഐറ പറയുന്നു. ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയെയും ആമിര്‍ ഖാനെയും അറിയിച്ചതായും ഐറ പറഞ്ഞു. ആ ഭയാനക സാഹചര്യം മറികടക്കാന്‍ അച്ഛനും അമ്മയുമാണ് തന്നെ സഹായിച്ചതെന്നും ഐറ വ്യക്തമാക്കി.
'എല്ലാം അറിഞ്ഞുകൊണ്ടാണ് അവരിങ്ങനെ പെരുമാറുന്നതെന്ന് എനിക്ക് മനസ്സിലാക്കാന്‍ ഒരു വര്‍ഷമെടുത്തു. അത് മനസ്സിലായ ഘട്ടത്തില്‍ തന്നെ ഈ സാഹചര്യത്തില്‍ നിന്നും എന്നെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്റെ മാതാപിതാക്കള്‍ക്ക് ഞാന്‍ ഒരു ഇമെയില്‍ അയച്ചു. എന്നാല്‍, അതൊരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല. ഇനി ഒരിക്കലും ഇത്തരം അനുഭവം എനിക്കുണ്ടാകില്ലെന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു. ആ അവസ്ഥയില്‍ നിന്നും ഞാന്‍ പുറത്തുകടക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും എന്റെ ജീവിതത്തെ ഇനി ബാധിക്കില്ലെന്നു കരുതി മറക്കാന്‍ ശ്രമിച്ച ആ കാര്യം 18-20 വയസ്സില്‍ എന്റെ മനസ്സിനെ വീണ്ടും വേട്ടയാടാന്‍ തുടങ്ങി.' ഐറ പറഞ്ഞു.
മാതാപിതാക്കളുടെ വിവാഹമോചനമൊന്നുമല്ല തന്റെ അവസ്ഥയ്ക്ക് കാരണമെന്നും വീഡിയോയില്‍ താരം വ്യക്തമാക്കുന്നുണ്ട്. അവരിപ്പോഴും തന്റെയും സഹോദരന്‍ ജുനൈദിന്റെയും അടുത്ത സുഹൃത്തുക്കളാണെന്നും ഐറ പറഞ്ഞു. 'ഞാന്‍ ചെറിയകുട്ടിയായിരുന്ന സമയത്താണ് എന്റെ മാതാപിതാക്കള്‍ വിവാഹമോചിതരാകുന്നത്. പക്ഷേ, അതൊന്നും എന്നെ അസ്വസ്ഥയാക്കിയിരുന്നില്ല. കാരണം ഞങ്ങളോടുള്ള അവരുടെ സൗഹാര്‍ദപരമായ പെരുമാറ്റത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. അച്ഛനും അമ്മയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. എന്റെയും അനിയന്റെയും ഉറ്റസുഹൃത്തുക്കള്‍ കൂടിയാണവര്‍. ഒരര്‍ത്ഥത്തിലും ഞങ്ങളുടെത് തകര്‍ന്ന കുടുംബമല്ല. അച്ഛനും അമ്മയും പിരിഞ്ഞതില്‍ മുന്‍പ് പലരും എനിക്ക് മുന്‍പില്‍ സഹതാപവുമായി എത്തുമായിരുന്നു. നിങ്ങളെന്താണ് പറയുന്നത്? വിവാഹമോചനം ഒരു മോശം കാര്യമല്ല. എന്നായിരുന്നു അവരോടുള്ള എന്റെ മറുപടി. അവരുടെ വിവാഹമോചനം എന്നെ ഒരിക്കലും അസ്വസ്ഥയാക്കിയിരുന്നില്ല. അതൊരിക്കലും എന്റെ വിഷാദത്തിന്റെ കാരണവുമായിരുന്നില്ല. ഐറ വിഡിയോയില്‍ പറയുന്നു