'ഓരോ തവണ ഇന്ദ്രന്‍സേട്ടനെ കാണുമ്പോഴും പോസിറ്റീവ് എനര്‍ജി; ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്'; എഴുതിത്തുടങ്ങിയ നിമിഷം മുതല്‍ മനസ്സില്‍ ആര്യയുടെ മുഖമായിരുന്നു;'അനന്തന്‍ കാട്' വിശേഷങ്ങളുമായി മുരളി ഗോപി 

Malayalilife
 'ഓരോ തവണ ഇന്ദ്രന്‍സേട്ടനെ കാണുമ്പോഴും പോസിറ്റീവ് എനര്‍ജി;  ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്'; എഴുതിത്തുടങ്ങിയ നിമിഷം മുതല്‍ മനസ്സില്‍ ആര്യയുടെ മുഖമായിരുന്നു;'അനന്തന്‍ കാട്' വിശേഷങ്ങളുമായി മുരളി ഗോപി 

 തെന്നിന്ത്യന്‍ താരം ആര്യ മലയാളത്തില്‍ നായകനായെത്തുന്ന 'അനന്തന്‍ കാട്' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. വലിയ പ്രേക്ഷകശ്രദ്ധ നേടി മുന്നേറുന്ന ട്രെയ്ലര്‍ ലോഞ്ച് ചടങ്ങിനിടെ, നടന്‍ ആര്യയെയും ഇന്ദ്രന്‍സിനെയും കുറിച്ച് തിരക്കഥാകൃത്ത് മുരളി ഗോപി പങ്കുവെച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. 

നടന്‍ ഇന്ദ്രന്‍സ് തന്റെ ചങ്കാണെന്നാണ് മുരളി ഗോപി വിശേഷിപ്പിച്ചത്. 'ഇന്ദ്രന്‍സേട്ടന്‍ എന്റെ ചങ്കാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ എപ്പോഴും പ്രത്യേകതരം ഊര്‍ജ്ജം ലഭിക്കാറുണ്ട്. ഞങ്ങള്‍ ഒന്നിച്ച് ചെയ്യുന്ന എട്ടാമത്തെ സിനിമയാണിതെന്നാണ് എന്റെ കണക്കുകൂട്ടല്‍. ഓരോ തവണ ഇന്ദ്രന്‍സേട്ടനെ കാണുമ്പോഴും എനിക്ക് വലിയ പോസിറ്റീവ് എനര്‍ജിയാണ് ലഭിക്കുന്നത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അത്രയേറെ ഇഷ്ടമാണ്,' മുരളി ഗോപി പറഞ്ഞു. 

ചിത്രത്തിലെ നായകനായ ആര്യയെ സിനിമയിലേക്ക് തിരഞ്ഞെടുത്തതിനെക്കുറിച്ചും മുരളി ഗോപി മനസ്സ് തുറന്നു. 'ബാല സാറിന്റെ 'നാന്‍ കടവുള്‍' എന്ന സിനിമ കണ്ട നിമിഷം മുതല്‍ ആര്യയുടെ അഭിനയം എന്നെ ആകര്‍ഷിച്ചിരുന്നു. ഈ സിനിമയുടെ കഥ എഴുതാന്‍ തുടങ്ങി ആദ്യത്തെ വാക്കുകള്‍ കടലാസില്‍ പതിഞ്ഞ നിമിഷം മുതല്‍ എന്റെ മനസ്സില്‍ ഈ കഥാപാത്രമായി തെളിഞ്ഞത് ആര്യയുടെ മുഖം മാത്രമാണ്. ഈ വേഷം ആര്യ തന്നെ ചെയ്യണമെന്നത് എന്റെ വലിയൊരു ശാഠ്യമായിരുന്നു. കാരണം അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഒരു പ്രത്യേക തീവ്രതയുണ്ട്. അദ്ദേഹം കൊണ്ടുവരുന്ന ഒരു ഗാംഭീര്യമുണ്ട്. ഈ സിനിമയിലെ 'വെട്രി' എന്ന കഥാപാത്രത്തിന് അത് അത്യാവശ്യമായിരുന്നു,' മുരളി ഗോപി വ്യക്തമാക്കി. 

 'ടിയാന്‍' എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനന്തന്‍ കാട്'. ഡ്രാമയും വൈകാരിക മുഹൂര്‍ത്തങ്ങളും നിറഞ്ഞ ഒരു പക്കാ പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കും ചിത്രമെന്ന സൂചനയാണ് ഇന്നലെ പുറത്തിറങ്ങിയ ട്രെയ്ലര്‍ നല്‍കുന്നത്. ആര്യയ്ക്ക് പുറമെ നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ചിത്രം ജൂണ്‍ 25-ന് തിയേറ്ററുകളില്‍ എത്തും.

Read more topics: # മുരളി ഗോപി
Murali gopy about indrans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES