സീരിയല്‍ രംഗത്തുനിന്നും ഇന്നു രാവിലെ പുറത്തുവരുന്നത് ഒരു സിനിമാ സീരിയല്‍ നടന്റെ അറസ്റ്റിന്റെ വാര്‍ത്തയാണ്. സീരിയല്‍ മേഖലയിലെ പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലാണ് സിനിമാ-സീരിയല്‍ നടനായ തൃശ്ശൂര്‍ പഴയങ്ങാടി പാലിയൂര്‍ വീട്ടില്‍ വിജോ.പി.ജോണ്‍സണ്‍ പോലീസ് പിടിയിലായിരിക്കുന്നത്. സിനിമാ നിര്‍മ്മാതാക്കള്‍ മുതല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വരെ വലയില്‍ വീഴ്ത്തിയാണ് വിജോ മുദ്രാലോണിന്റെ പേരില്‍ പണം തട്ടിയത്.
സൗത്ത് മാറാടി കരയില്‍ മഞ്ചരിപ്പടി സ്വദേശിനിയുടെ പരാതിക്ക് പിന്നാലെയാണ് 33 കാരനായ വിജോ.പി.ജോണ്‍സണാണെ പൊലീസ് പിടികൂടിയത്. മുദ്രാ ലോണ്‍ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് വിജോ പണം തട്ടിയത്. പല നടീ നടന്‍മാരും തട്ടിപ്പിന് ഇരയായി. യുവതിയുടെ 10.5 ലക്ഷം രൂപ വിജോ തട്ടിയെടുത്തെന്നാണ് പരാതി. സിനിമാ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്ന യുവതിയുമായി ലൊക്കേഷനില്‍ വച്ച് പരിചയപ്പെട്ട വിജോ യുവതിക്ക് സാമ്പത്തികാവശ്യം ഉണ്ടെന്ന് മനസിലാക്കി മുദ്രാ ലോണ്‍ തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്തു.
ഇതിനുള്ള അപേക്ഷയും മറ്റ് രേഖകളും വിജോ തന്നെ തയാറാക്കിയ ശേഷം ആദ്യം ആവശ്യമുള്ള പണവും ചെലവാക്കി. എന്നാല്‍ മുദ്രാ ലോണ്‍ ലഭിച്ചു കഴിഞ്ഞ്‌പ്പോള്‍ ആ തുക വിജോ തന്നെ തട്ടിയെടുത്തെന്ന് യുവതി പരാതി നല്‍കുകയായിരുന്നു. മുന്‍പും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടുള്ള ഇയാള്‍ വിയ്യൂര്‍ ജയിലില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ടെന്നും തൃശ്ശൂര്‍ പേരാമംഗലും പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ സമാനമായ മൂന്ന് വായ്പാ തട്ടിപ്പ് കേസുകള്‍ ഇയാളുടെ പേരില്‍ നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
മൂവാറ്റുപുഴ സ്വദേശിയായ സലാമില്‍ നിന്ന് ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് 5 ലക്ഷം രൂപ തട്ടിയ കേസില്‍ അറസ്റ്റ് വാറന്റ് ഉള്ളതായും പൊലീസ് പറഞ്ഞു. പലരില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി താന്‍ നോട്ടപ്പുള്ളിയായെന്ന മനസിലായതോടെ സ്വന്തം വീടിന്റെ ടെറസിനു മുകളിലാണ് വിജോ രാത്രി ഉറങ്ങിയിരുന്നത്. ഇതിനാല്‍ തന്നെ താന്‍ സ്വന്തം മുറിയില്‍ ഉറങ്ങിയിട്ട് ദിവസങ്ങള്‍ കുറേയായയെന്നും വിജോ പൊലീസിനോടു പറഞ്ഞു.
തന്റെ തട്ടിപ്പിനരയായവരില്‍ പലരും തനിക്കെതിരെ ക്വട്ടേഷന്‍ നല്‍കിയിരുന്നുവെന്നും രാത്രി സമയങ്ങളില്‍ ഇവര്‍ വീട്ടിലെത്തി ബഹളമുണ്ടാക്കിയിട്ടുണ്ടെന്നും വിജോ അന്വേഷണ സംഘത്തോട് പറഞ്ഞു. അതിനാല്‍ തന്നെ പുലര്‍ച്ചെ എഴുന്നേറ്റ് കാറില്‍ സ്ഥലം വിടും. പകല്‍ മുഴുവന്‍ കാറില്‍ കറങ്ങി നടക്കും. അധികനേരം എവിടെയും തങ്ങാറില്ല. ഫോണ്‍ നമ്പറുകളും മാറിക്കൊണ്ടിരുന്നു. ഇതിനിടെ തട്ടിപ്പുകള്‍ തുടര്‍ന്നു.
അറസ്റ്റിനായി പൊലീസ് വീടു വളഞ്ഞപ്പോഴും ടെറസില്‍ ഉറക്കത്തിലായിരുന്നു വിജോ. പൊലീസ് എത്തിയതറിഞ്ഞ് ടെറസില്‍ നിന്ന് മതിലില്‍ ഊര്‍ന്നിറങ്ങി അടുത്തുള്ള പുരയിടത്തിലൂടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് സംഘം വളഞ്ഞു പിടിക്കുകയായിരുന്നു. ഒട്ടേറെ സീരിയലുകളിലും സിനിമകളിലും ചെറിയ റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇയാള്‍ സൂപ്പര്‍ സറ്റാര്‍ എന്ന സിനിമയിലും ഒരു റോള്‍ ചെയ്തിട്ടുണ്ടെന്നാണ് വിവരം