തിരുവനന്തപുരം: സംസ്ഥാനം കടുത്ത മഴക്കെടുതിയിലാണ്. ദുരിതാശ്വാസ പ്രവർത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന ചെയ്ത മോഹൻലാൽ ഈ സാഹചര്യത്തിൽ തന്റെ സിനിമയുടെ ട്രെയിലർ റിലീസും മാറ്റിവെച്ചു. മോഹൻലാൽ, രഞ്ജിത് കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഡ്രാമ'യുടെ ഒഫീഷ്യൽ ട്രെയിലർ ഇന്നലെ പുറത്തുവിടാനിരിക്കെ കേരളത്തിലെ മഴക്കെടുതി കാരണം ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്യില്ലെന്ന് മോഹൻലാൽ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേരളത്തിന്റെ കണ്ണീർമഴ തോരട്ടെ പുലരി പിറക്കട്ടേ, അന്നേ ഡ്രാമ ട്രെയിലർ റിലീസ് ചെയ്യുന്നുള്ളൂ എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്.
വർണചിത്ര, ഗുഡ്ലൈൻ പ്രൊഡക്ഷൻസ് ആൻഡ് ലില്ലി പാഡ് മോഷൻ പിക്ചേഴ്സ്, യുകെ ലിമിറ്റഡിന്റെ ബാനറിൽ എം.കെ.നാസർ, മഹാസുബൈർ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഴകപ്പൻ കൈകാര്യം ചെയ്യുന്നു.
രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാശരത്, അരുന്ധതി നാഗ് ബേബി ലാറ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഴക്കെടുതി കാരണം നേരത്തെ കായംകുളം കൊച്ചുണ്ണിയുടെയും പടയോട്ടത്തിന്റെയും റിലീസ് മാറ്റിവെച്ചിരുന്നു.