അച്ഛന്റെയോ അമ്മയുടെയോ പാത പിന്തുടര്ന്ന് സിനിമയിലെത്തുന്നവരാണ് ഇപ്പോഴത്തെ നടീ നടന്മാരില് അധികവും. പ്രമുഖ താരങ്ങളുടെ മക്കളെല്ലാം തന്നെ ഇപ്പോള്‍ സിനിമയില്‍ എത്തിക്കഴിഞ്ഞു. മോഹന്‍ലാലിന്റെ മക്കള്‍ മാത്രമാണ് സിനിമയില്‍ നിന്നും അകലം പാലിച്ച് നിന്നിരുന്നത്. പ്രണവ് മോഹന്‍ലാല്‍ സിനിമയിലെത്തിയപ്പോള്‍ തന്നെ മകള്‍ വിസ്മയ എന്നാണ് സിനിമയിലേക്ക് എത്തുന്നത് എന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോഴിതാ അതിനുള്ള ഉത്തരവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്.
മക്കള്‍ സിനിമയായി മലയാള സിനിമ മാറിക്കഴിഞ്ഞിരിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം എന്നീ സൂപ്പര്‍താരങ്ങളുടെ മക്കളെല്ലാം തന്നെ സിനിമയില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. മേനകയുടെ മകള്‍ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തമിഴില്‍ നമ്പര്‍ വണ്‍ നായികയാണ്. പ്രിയദര്‍ശന്റെ മകളും സിനിമാരംഗത്ത് എത്തിക്കഴിഞ്ഞു. കല്പനയുടെ മകള്‍ പുതിയ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ്. മറ്റ് നടന്മാരുടെയും മക്കളുടെ ആഗ്രഹം സിനിമ തന്നെയാണ്. ഈ അവസരത്തിലാണ് കീര്‍ത്തി സുരേഷിന്റെയും പ്രിയദര്‍ശന്റെ മകള്‍ കല്യാണിയുടെയും കളിക്കൂട്ടുകാരിയായ വിസ്മയ മോഹന്‍ലാല്‍ സിനിമയിലേക്ക് വരുമോ എന്ന ചോദ്യങ്ങള്‍ ഉയരുന്നത്. ഇതിന് ഇപ്പോള്‍ മോഹന്‍ലാല്‍ തന്നെ മറുപടി നല്‍കിയിരിക്കുകയാണ്. മകള്‍ സിനിമയിലേക്ക് വരുമോ എന്ന ചോദ്യത്തിന് ഒരു മാധ്യമത്തിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയിരിക്കുന്നത്. മകന് സിനിമയിലുണ്ടല്ലോ എന്ന മറുപടിയാണ് മോഹന്‍ലാല്‍ നല്‍കിയത്. അതുപോരെ എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ അവളുടെ ഇഷ്ടം സിനിമയല്ല തീയറ്റര്‍ ആണെന്നും നടന് വെളിപ്പെടുത്തുന്നു. ഇപ്പോള്‍ വിസ്മയ യുഎസില്‍ തീയറ്ററിനെ കുറിച്ച് പഠിക്കുകയാണെന്നും മോഹന്‍ലാല്‍ പറയുന്നു.
അതേസമയം വിസ്മയ തീയറ്റര്‍ സ്റ്റഡിസ് പഠിക്കുന്നതിനാല്‍ തന്നെ സിനിമയിലേക്ക് എത്താനുള്ള സാധ്യത ഉണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അച്ഛന്റെ അഭിനയത്തിന്റെ കഴിവ് മകള്‍ക്ക് കിട്ടാതിരിക്കുമോ എന്നും അവര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ സിനിമയില്‍ കാമറയ്ക്ക് മുമ്പില്‍ വന്നില്ലെങ്കിലും കാമറയ്ക്ക് പിറകില്‍ വിസ്മയ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. പഠിത്തം കഴിഞ്ഞ് നാട്ടിലെത്തുന്ന വിസ്മയ മലയാള സിനിമയില്‍ പുത്തന്‍ അദ്ധ്യായം രചിച്ചേക്കുമെന്നും ലാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.