മമ്മൂട്ടി ചിത്രം ടര്‍ബോ വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ പുതിയ ചിത്രത്തെക്കുറിച്ച് സംവിധായകന് വൈശാഖ്. മോഹന്‍ലാലിനൊപ്പമാണ് തന്റെ പുതിയ ചിത്രമെന്നും മോണ്‍സ്റ്ററിന്റെ പരാജയം ഈ ചിത്രത്തിലൂടെ മാറ്റുമെന്നും വൈശാഖ് പങ്ക് വച്ചു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം.ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. ആശിര്‍വാദ് സിനിമാസ് നിര്‍മ്മിച്ച മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മോഹന്‍ലാലും വൈശാഖും അവസാനമായി ഒരുമിച്ചത്. മോണ്‍സ്റ്റര്‍ ശ്രദ്ധേയമായില്ല. പുലിമുരുകനാണ് മോഹന്‍ലാല്‍- വൈശാഖ് കൂട്ടുകെട്ടില്‍ ചരിത്ര വിജയം എഴുതിയ ചിത്രം. പുലിമുരുകന് പോലെ മാസ് ആക്ഷന്‍ ചിത്രമാണ് വൈശാഖ് മോഹന്‍ലാലിനുവേണ്ടി ഒരുക്കുന്നത്
ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും. താെടുപുഴയില് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. എമ്പുരാന്റെ ചിത്രീകരണത്തിലും മോഹന്‍ലാല്‍ പങ്കെടുക്കുന്നുണ്ട്. തരുണ്‍ മൂര്‍ത്തിയുടെ ചിത്രം പൂര്‍ത്തിയായശേഷം സത്യന് അന്തിക്കാടിന്റെ സിനിമയാണ് മോഹന്‍ലാലിനെ കാത്തിരിക്കുന്നത്. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്.
ഖലീഫ എന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നുണ്ട്. സംവിധായകന് കൂടിയായ ജിനു വി. എബ്രഹാം ആണ് രചന. ഖലീഫയ്ക്ക് മുന്‍പ് മോഹന്‍ലാല്‍- വൈശാഖ് ചിത്രം ഉണ്ടാകുമെന്നാണ് വിവരം.