മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായ മോഹന്‍ലാലിനെ ചുറ്റിപ്പറ്റിയായിരുന്നു കഴിഞ്ഞ ദിവസത്തെ മിക്ക ചര്‍ച്ചകളും. താരം സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയാണന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹം പങ്കുവെച്ചത്. ഇതോടെയാണ് താരം രാഷ്ട്രീയത്തിലേക്കിറങ്ങുകയാണെന്നും അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായും 2019 ലെ ലോകസഭ ഇലക്ഷനില്‍ ശശി തരൂരിനെതിരെ മത്സരിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.
എന്നാല്‍ മാതാപിതാക്കളുടെ പേരില്‍ ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷന്റെ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ സന്ദര്‍ശനം നടത്തിയതെന്നും, വയനാട്ടില്‍ ആരംഭിക്കുന്ന ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് താന്‍ പോയതെന്നും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. സിനിമയ്ക്കപ്പുറത്ത് താന്‍ നടത്തുന്ന സാമൂഹ്യപ്രവര്‍ത്തനം തികച്ചും മാതൃകാപരമാണെന്നും ഇക്കാര്യത്തില്‍ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റിന് മോഹന്‍ലാല്‍ മറുപടിയും നല്‍കി. എന്നാല്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയത്തെക്കുറിച്ച് തന്നെയായിരുന്നു അപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. അത്തരത്തിലൊരു ആലോചന പോലും നടന്നിട്ടില്ലെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍.
തിരുവനന്തപുരത്ത് ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ച് താന്‍ അറിഞ്ഞിട്ടില്ല. ഇപ്പോള്‍ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പ്രതികരിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്, നേരത്തെയും താന്‍ പ്രധാനമന്ത്രിമാരെ സന്ദര്‍ശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുമുണ്ട്. അപ്പോഴെല്ലാം ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിച്ചിട്ടുണ്ടെന്നും താനിപ്പോള്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നുമാണ് താരം വെളിപ്പെടുത്തി.