തന്നെ വെറും ഡ്രൈവര്‍ എന്ന് പറഞ്ഞ് പുച്ഛിക്കുന്നവര്‍ക്ക് മറുപടിയുമായാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയിരിക്കുന്നു. താന്‍ അന്നും ഇന്നും ഡ്രൈവര്‍ തന്നെയാണെന്നും മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്റെ ഡ്രൈവര്‍ എന്ന് പറയുന്നതില്‍ അഭിമാനം മാത്രമേയുള്ളൂവെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. മോഹന്‍ലാല്‍ എന്റെ മുതലാളിയാണ് ഞങ്ങള്‍ പരസ്പരം അതിലും വലിയ പലതുമാണ്. എന്നാലും എനിക്കിഷ്ടവും ബഹുമാനവും ആ ബന്ധം തന്നെയാണെന്നും ആന്റണി പറയുന്നു. ഒരു മലയാള വാരിക വാര്‍ഷികപ്പതിപ്പ് നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്റണി കഥകേട്ടാലേ മോഹന്‍ലാല്‍ അഭിനയിക്കൂ എന്ന് പറയുന്നവരുണ്ട് വിജയിക്കുമെന്ന് തനിക്ക് തോന്നുന്ന കഥകള്‍ കേട്ടാല്‍ ലാല്‍ സാറിനോട് പറയാറുമുണ്ട്. ലാല്‍ സാര്‍ നേരിട്ട് കേട്ട കഥകള്‍ താന്‍ വേണ്ട എന്ന് പറഞ്ഞാലും നമുക്ക് ചെയ്യാമെന്ന് അദ്ദേഹം പറയും. താന്‍ നിര്‍മിച്ച ലാല്‍ സാറിന്റെ 25 സിനിമകളില്‍ മിക്കതും വിജയമായിരുന്നു അതാണ് ആരോപണങ്ങള്‍ക്ക് പിന്നിലെ കാരണമെന്ന് ആന്റണി പറയുന്നു.
നിര്‍മാതാവ് എന്ന നിലയില്‍ കഥ കേള്‍ക്കാന്‍ തനിക്ക് അര്‍ഹതയില്ലേയെന്നും ആന്റണി ചോദിക്കുന്നു. പണമിറക്കുന്ന ആള്‍ക്ക് ഒരു സിനിമ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അര്‍ഹതയുണ്ട്. വേറെ ഏത് നിര്‍മാതാവിന് മുന്നിലും കഥ പറയാം. ആന്റണിക്ക് മുന്നില്‍ പറ്റില്ല എന്ന് പറയുന്നതിന് ഒരു കാരണമേയുള്ളൂ ആന്റണി ഡ്രൈവറായിരുന്നു എന്നത് തന്നെ. ലാല്‍ സാറിന്റെ വിജയപരാജയങ്ങള്‍ അറിയാവുന്ന ഒരാള്‍ എന്ന നിലയില്‍ അദ്ദേഹം ചെയ്യുന്ന സിനിമയുടെ കഥ കേള്‍ക്കാന്‍ എനിക്ക് അധികാരമില്ല എന്ന് പറയേണ്ടത് ലാല്‍ സാര്‍ മാത്രമാണ്.
മോഹന്‍ലാല്‍ എന്ന നടനെ കുറ്റം പറയുന്ന പലരും പിന്നീട് മോഹന്‍ലാലിന് മുന്‍പില്‍ സ്നേഹപൂര്‍വം സ്വന്തം ആളെന്ന മട്ടില്‍ നില്‍ക്കുന്നതും താന്‍ കണ്ടിട്ടുണ്ടെന്നും ആന്റണി പറയുന്നു.
ഒരു ദേശീയ അവാര്‍ഡും മൂന്ന് സംസ്ഥാന അവാര്‍ഡും വാങ്ങിയ നിര്‍മാതാവാണ് താന്‍. ലാഭം കിട്ടില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് പല സിനിമകളും നിര്‍മിച്ചത്. ഈ അവാര്‍ഡുകള്‍ എല്ലാം കിട്ടിയപ്പോഴും പല പത്രങ്ങളിലും ചാനലുകളിലും എന്റെ ഫോട്ടോ പോലും വന്നില്ല. മറ്റ് പല നിര്‍മാതാക്കളെ കുറിച്ച് പ്രത്യേക ന്യൂസ് കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ഇവന്‍ ഡ്രൈവര്‍ അല്ലേ എന്ന പുച്ഛമാണ് പലര്‍ക്കും താന്‍ ആവര്‍ത്തിച്ചു പറയുന്നു 'താന്‍ ഡ്രൈവര്‍ തന്നെയാണ്. മോഹന്‍ലാലിന്റെ പണം കൊണ്ടാണ് ആന്റണി സിനിമ എടുക്കുന്നതെന്നാണ് ചിലരുടെ പരാതി എന്നാല്‍ അങ്ങനെ ആകണമെന്ന് തന്നെയാണ് തന്റെ ആഗ്രഹം, മോഹന്‍ലാല്‍ എന്ന വലിയ മനുഷ്യന്‍ എന്നെ വിശ്വസിച്ചു പണം ഏല്‍പിക്കുന്നു എന്നതിലും വലിയ ബഹുമതിയുണ്ടോ? എന്നും ആന്റണി ചോദിക്കുന്നു. മോഹന്‍ലാല്‍ പപ്പടമോ കമ്പ്യൂട്ടറോ എന്ത് വേണമെങ്കിലും ഉണ്ടാക്കി വില്‍ക്കട്ടേ, അതിനെന്തിനാണ് പുറത്തുള്ളവര്‍ അസ്വസ്ഥരാകുന്നത്? അദ്ദേഹത്തിന്റെ പ്രതിഫലം വലുതാണെങ്കില്‍ അത് നല്‍കാവുന്നവര്‍ സിനിമ നിര്‍മിക്കട്ടേ എന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.