ആദ്യ മലയാള സിനിമ സംവിധാനം ചെയ്യാന്‍ തെന്നിന്ത്യന്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍. മമ്മൂട്ടിയായിരിക്കും ചിത്രത്തില്‍ നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനി തന്നെയായിരിക്കും ചിത്രം നിര്‍മിക്കുക. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.
ചിത്രം പൂര്‍ണമായും ത്രില്ലര്‍ ഗണത്തില്‍ ആവുമെന്നും നായികയായി നയന്‍താരയെത്തു മെന്നുമുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി. ജോണ്‍ നിര്‍വഹിക്കുന്നു.
ജൂണ്‍ 10ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് നവീന്‍ ഭാസ്‌കര്‍ രചന നിര്‍വഹിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ എബിസിഡി, ബിജുമേനോന്‍ - ആസിഫ് അലി ചിത്രം അനുരാഗ കരിക്കിന്‍വെള്ളം, മഞ്ജു വാര്യരുടെ ഉദാഹരണം സുജാത, ഫഹദ് ഫാസിലിന്റെ മണ്‍സൂണ്‍ മാംഗോസ്, നിവിന്‍ പോളിയുടെ സാറ്റര്‍ഡേ നൈറ്റ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് നവീന്‍ ഭാസ്‌കര്‍.
തമിഴകത്ത് ത്രില്ലര്‍ - റൊമാന്റിക് ചിത്രങ്ങളുടെ പ്രിയ സംവിധായകനായാണ് ഗൗതം മേനോന്‍ അറിയപ്പെടുന്നത്. കാക്ക കാക്ക, പച്ചൈക്കിളി മുത്തുചരം, വേട്ടയാട് വിളയാട് , വെന്ത് തനിന്തത് കാട് എന്നിവയാണ് ഗൗതം മേനോന്റെ പ്രധാന ത്രില്ലര്‍ ചിത്രങ്ങള്‍. അതേസമയം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോ മേയ് 23ന് തിയേറ്ററില്‍ എത്തുന്നു.
മമ്മൂട്ടിയെ നായകനാക്കി ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന 'ബസൂക്ക'യില്‍ ഗൗതം മേനോനും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് മമ്മൂട്ടി-ഗൗതം മേനോന്‍ സിനിമയുടെ ചര്‍ച്ചകള്‍ നടന്നത്.