വിവാഹാഭ്യര്‍ഥന നിരസിച്ചതിനു നടിയെ സുഹൃത്തായിരുന്ന യുവാവ് കുത്തി പരുക്കേല്‍പ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പാണ്. സീരിയല്‍ നടി മാല്‍വി മല്‍ഹോത്രയ്ക്ക് നേരെയാണ് കൂട്ടുകാരനായ യുവാവ് ആക്രമണം നടത്തിയത്.2019 മുതല്‍ മാള്‍വിയുടെ ഫെയ്‌സ്ബുക് സുഹൃത്താണ് മാല്‍വിയെ ആക്രമിച്ച യോഗേശ്വര്‍. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയെങ്കിലും തനിക്കു താല്‍പര്യമില്ലെന്ന് അറിയിച്ചെന്നും തുടര്‍ന്നും സമൂഹ മാധ്യമങ്ങളിലൂടെ ബന്ധപ്പെടുന്നത് അവസാനിപ്പിച്ചെന്നും മാള്‍വി പൊലീസിനെ അറിയിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ വടക്കന്‍ മുംബൈയിലെ വെര്‍സോവയിലെ ഒരു കഫേയില്‍ നിന്ന് വീട്ടിലേക്ക് പോകവെയാണ് നടിയ്ക്കു നേരെ ആക്രമണം ഉണ്ടായത്. വയറിനും കൈകള്‍ക്കും കുത്തേറ്റ നടിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇപ്പോള്‍ മാല്‍വിയെ കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പെഴുതി ബാല്യകാല സുഹൃത്ത്.
15ാം വയസ്സു മുതല്‍ മാള്‍വിയെ അടുത്തറിയാവുന്ന വ്യക്തിയാണ് ഇപ്പോള്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്ന ശിവ്യ. ലോകം ക്രൂരമാണെന്നും പെണ്‍കുട്ടിയായി ജനിച്ചതിന്റെ പേരില്‍ തനിക്ക് പേടിയും ആശങ്കയുമുണ്ടെന്നും കുറിപ്പില്‍ ശിവ്യ എന്ന സുഹൃത്ത് പറയുന്നു.
എന്റെ ഹൃദയത്തിനു മുറവേറ്റിരിക്കുന്നു. ഒരിക്കല്‍ ഞാന്‍ ഏറെ സ്‌നേഹിച്ചിരുന്ന ഈ ലോകത്തെത്തന്നെ എനിക്കിപ്പോള്‍ വെറുപ്പാണ്. കഠിനമായ വെറുപ്പ്. നിങ്ങള്‍ക്കാര്‍ക്കും മനസ്സിലാക്കാന്‍ പറ്റാത്തത്ര രീതിയില്‍ ലോകം ക്രൂരമാണെന്ന് എനിക്കു തോന്നുന്നു. നീതിക്കു വേണ്ടി ശബ്ദിക്കാന്‍പോലും എനിക്കു മടിയാണ്. അതിനു പോലും എനിക്കു കഴിയുമെന്നു തോന്നുന്നില്ല. ഇതൊരു വല്ലാത്ത, സ്വാര്‍ഥത നിറഞ്ഞ ലോകം തന്നെ. വിവാഹത്തിനു സമ്മതമില്ല എന്നറിയിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിയെ കൊല്ലാന്‍ ഒരാള്‍ക്കു മനസ്സു വരുന്നു എന്നു ചിന്തിക്കുമ്പോള്‍ തന്നെ എനിക്കു പേടിയാകുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ വേണ്ടി ലോകത്തിനു പ്രിയപ്പെട്ട നല്ല മനുഷ്യരെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ലോകത്തെ ഞാന്‍ എങ്ങനെ സ്‌നേഹിക്കാനാണ്. പ്രിയപ്പെട്ട മാള്‍വി, 15-ാം വയസ്സു മുതല്‍ എനിക്കു നിന്നെ അറിയാം. ഞാന്‍ എന്നും നിന്റെ കൂടെ ഉണ്ടായിരുന്നു. ഇനിയും എന്നും ഞാന്‍ നിനക്കൊപ്പം തന്നെ. ഉടന്‍ തന്നെ നീ സുഖമായി പുറത്തുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. സുഖാംശംസകള്‍' - ശിവ്യ എഴുതി.